Pages

Tuesday, January 31, 2006

ഒരു ജനുവരി കൂടി..


ചിലങ്കകളഴിച്ച്‌ വെച്ച്‌ തിരശ്ശീലയ്‌ക്ക്‌ പിന്നിലേക്ക്‌ മറയുന്ന മറ്റൊരു ജനുവരി കൂടി.. ആടയാഭരണങ്ങളിഞ്ഞ്‌ ഊഴം കാത്തിരിക്കുന്ന മറ്റൊരു ഫെബ്രുവരി..!!


പിടിച്ചു കെട്ടാന്‍ സാധിക്കാത്ത ഒരു യാഗാശ്വം പോലെ കാലം കുതിക്കുകയാണു.. ഒപ്പമെത്താന്‍ സാധിക്കാതെ ഞാന്‍ കിതയ്ക്കുന്നു..!!

Thursday, January 26, 2006

'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'

റിപ്പബ്ലിക്‌ ദിനാശംസകള്‍ !!

എന്താണു റിപ്പബ്ലിക്‌?? അതൊരു രാഷ്ട്രരേഖയാണു.. ഏതു രാഷ്ട്ര രേഖ?? ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികള്‍ ആണു ആ രാഷ്ട്രരേഖയുടെ തലവന്മാര്‍..! ആരാണു തലവന്മാര്‍?? ഒരു രാഷ്ട്രത്തിന്റെ നയ-നിയമങ്ങള്‍ തീരുമാനിക്കേണ്ടത്‌ അവരാണു..! ഇന്നു നമ്മുടെ നയങ്ങള്‍ അവര്‍ തന്നെയാണോ തീരുമാനിക്കുന്നത്‌?? അതോ.. നാം ജനങ്ങള്‍ (രാഷ്ട്രത്തിന്റെ ചാലകശക്തി) അറിയാതെ, ആ അധികാരം 'ലോകപോലീസ്‌' ചമയുന്ന ഏതോ ചില രാഷ്ട്രങ്ങളില്‍ നിന്നുള്ള അപ്പക്കഷണങ്ങള്‍ക്ക്‌ വേണ്ടി അവര്‍ക്ക്‌ തീറെഴുതിക്കൊടുത്തിരിക്കുന്നുവോ..?? ഞാന്‍ ഇന്ന് ഭയക്കുന്നു.. നമ്മുടെ ഭരണഘടനയില്‍ നിന്നും 'റിപ്പബ്ലിക്‌' എന്ന ബഹുമതി എടുത്തുകളയപ്പെടുമോ എന്ന്...!!

ഇന്ത്യയെ കുറിച്ചോര്‍ത്ത്‌ അഭിമാനം കൊള്ളുക.. അപമാനിക്കപ്പെടാതിരിക്കാന്‍ കാതോര്‍ക്കുക..
yes.. the people.. We Are The Supreme Power of Our Nation !!
നമുക്ക്‌ ഒരുമിച്ച്‌ പാടാം.. 'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'

Sunday, January 22, 2006

ക്രഡിറ്റ്‌ കാര്‍ഡെന്ന സുന്ദരി

ബൂലോകവാസികളും യാഹൂ ഗ്രൂപുകളുമായി കത്തിയടിച്ച്‌, അവസാനം ഓഫീസ്‌ ജോലികള്‍ മുഴുവന്‍ പണിപ്പുരയില്‍ കെട്ടിക്കിടന്നപ്പോഴാണു ജനറല്‍ മാനാജര്‍ക്ക്‌ എന്നെ ശകാരിക്കാന്‍ തോന്നിയത്‌. കിട്ടിയ ഡോസുകള്‍ മുഴുവന്‍ തലയില്‍ ചുമന്ന് തലവേദനയുമായി മേശപ്പുറത്തിരിക്കുന്ന ഫയലുകളെ നോക്കി കൊഞ്ഞനം കുത്തുമ്പോഴാണു നമ്മുടെ സഖാവ്‌ മൊബെയില്‍ ഫോണ്‍ കരയാന്‍ തുടങ്ങിയത്‌. തെല്ലമര്‍ഷത്തോടെയാണു ഹലൊ പറഞ്ഞതെങ്കിലും, അങ്ങെ തലയ്ക്കല്‍ ഒരു പെണ്‍സ്വരം കേട്ടപ്പോള്‍ ഈ 'ബാച്‌-ലറു'ടെ ശബ്ദം താണു.

Sunday, January 15, 2006

പേനയുടെ ചിരി.

ഏതോ ഒരു ജന്മദിനത്തില്‍ അച്ചന്‍ സമ്മാനിച്ച ആ പേന വര്‍ങ്ങളായി അയാളുടെ സന്തതസഹചാരിയാണു. അല്ല.. അയാള്‍ ആ പേനയുടെ സന്തതസഹചാരിയാണു എന്നു പറയുന്നതാവും കൂടുതല്‍ ശരി. അയാള്‍ എഴുതാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അക്ഷരങ്ങളോടുള്ള അയാളുടെ പ്രണയം കാമമായി.. ക്രമേണ അതൊരു ലഹരിയായി മാറുകയായിരുന്നു. ശൈശവത്തില്‍ പക്ഷികളേയും മൃഗങ്ങളേയും അയാള്‍ അക്ഷരങ്ങള്‍ കൊണ്ട്‌ വരച്ചു. ആയുസ്സിന്റെ പടവുകള്‍ ഒന്നൊന്നായി കയറുന്നതിനനുസരിച്ച്‌, എഴുത്തിന്റെ വിഷയങ്ങള്‍ ഒന്നില്‍ മറ്റൊന്നിലേക്ക്‌ മാറിക്കൊണ്ടിരുന്നു. യവ്വനത്തിന്റെ ചാപല്യങ്ങളും വിപ്ലവവീര്യവും അയാളുടെ പേനയിലെ ദ്രാവകമായി രൂപാന്തരപ്പെട്ടു. കാലത്തിന്റെ ഇതളുകള്‍ കൊഴിയുന്നതിനനുസരിച്ച്‌ അയാള്‍ക്ക്‌ മുന്നില്‍ അഗ്നിക്കിരയാക്കപ്പ്പ്പെട്ട സിഗരറ്റ്‌ കൂട്ടങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു. സഞ്ചാരപഥത്തിനു നീളം വര്‍ദ്ധിക്കുമ്പോള്‍ അയാളുടെ സൌഹൃദ വലയം വികസിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ പെരുമാറ്റവും അയാളുടെ ഗ്രാമത്തിന്റെ സ്പന്ദനങ്ങളും എഴുത്തിന്റെ വിഷയങ്ങളായി മാറി. ഇടയ്ക്കെവിടെയോ കയറി വന്ന 'ഭാര്യ' എന്ന മറ്റൊരു സുഹൃത്തും..!! നിലാവു കൊണ്ട്‌ മൂടിപ്പുതച്ച രാത്രികളില്‍ കടല്‍ത്തീരത്തിരുന്ന്, അവളോടുള്ള പ്രണയം കടലാസിലേക്ക്‌ പകര്‍ത്തുമ്പോള്‍ അയാളുടെ ഹൃദയം തുടിച്ചു. മഷിയുണങ്ങാത്ത ആ വരികളില്‍ മദ്യം ശ്വസിക്കാമായിരുന്നു. അയാളേക്കാള്‍ ഭംഗിയായി ഭാര്യയെ പ്രണയിച്ച മറ്റൊരു ഭര്‍ത്താവ്‌ വേറെയില്ലെന്ന് വായനാലോകം മുദ്ര കുത്തി.

Thursday, January 05, 2006

കഥാന്തരങ്ങളിലെ കഥ..

ഇതൊരു കഥ മാത്രം.. കഥാന്തരങ്ങളിലെ കഥ..
ഒരു സാഹിത്യ വ്യഭിചാരിയെ എറിഞ്ഞു കൊന്നു. ഞാന്‍ സ്വര്‍ഗസ്ഥനായി..!!

'സാഹിത്യ വ്യഭിചാരി'.. ആ വാക്കിന്റെ അര്‍ത്ഥമെന്ത്‌?? ഞാനെന്തിനാണു അയാളെ ആ പേരു വിളിച്ചത്‌? അയാള്‍ ഒരിക്കലും സ്വയം ഒരു സാഹിത്യകാരനാണെന്ന് പറഞ്ഞിട്ടില്ല. അക്ഷരങ്ങളോടുള്ള പ്രണയം ഒരു ഭ്രാന്തായി മാറിയപ്പോള്‍, അയാള്‍ എന്തൊക്കെയോ വായിച്ചു കൂട്ടി. അക്ഷരങ്ങളുടെ നിറക്കൂട്ട്‌ ചേര്‍ത്ത്‌ ചിത്രങ്ങള്‍ വരക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ, അയാള്‍ ജലച്ചായങ്ങള്‍ വരച്ചത്‌ ചില്ല്ലുജാലകത്തിലായിരുന്നു. തനിക്ക്‌ കഴിയാതെ പോയ രചനാപാടവം മറ്റുള്ളവരില്‍ കണ്ടപ്പോള്‍ അയാളുടെ പ്രണയം അവരോടായി. അത്‌ കൊണ്ട്‌ തന്നെ അയാള്‍ എന്നേയും പ്രണയിച്ചു. അയാളുടെ സ്നേഹത്തില്‍ എന്നും ഞാന്‍ ആത്മാര്‍ത്ഥത ദര്‍ശിച്ചിരുന്നു. അയാള്‍ കുത്തിക്കുറിച്ചിട്ട 'വിഡ്ഡിത്തങ്ങള്‍' ആദ്യം കേള്‍പ്പിച്ചത്‌ എന്നെയായിരുന്നു. അഭിപ്രായങ്ങള്‍ എന്നോട്‌ ചോദിച്ചു. അയാള്‍ സാഹിത്യം വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. എവിടെയാണു അയാള്‍ സാഹിത്യം മോഷ്ടിച്ചത്‌? ഞാന്‍ വീണ്ടും സംശയിച്ചു. 'അതെ.. അയാള്‍ സാഹിത്യത്തെ വ്യഭിചരിച്ചിട്ടുണ്ട്‌. അയാളെ ഒന്നു കൂടി പോയി കാണണം.'