Pages

Friday, December 30, 2005

ചാറ്റല്‍ മഴയുടെ സംഗീതം

‍'അയാള്‍ ഭ്രാന്തനാണു'. പയ്യാമ്പലം ബീച്ചിലെ സന്ദര്‍ശകര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള ഒരേ ഒരു കാര്യം. ഏകാന്തതയും മൌനവും തന്റെ സ്വകാര്യ സ്വത്താണെന്ന് അയാള്‍ അടിയുറച്ച്‌ വിശ്വസിച്ചു. നീട്ടി വളര്‍ത്തിയ മുടിയും ചെറിയ താടിയുമുള്ളതിനാല്‍, താന്‍ സാഹിത്യകാരനാണെന്ന് അയാള്‍ സ്വയം ധരിച്ചു വെച്ചു. ഒരു നീളന്‍ കുപ്പായവും, തോളില്‍ ഒരു തുകല്‍ സഞ്ചിയും, കൈയില്‍ ഒരു ദാര്‍ശനിക പുസ്തകവും പേനയുമായി അയാള്‍ പയ്യാമ്പലം ബീച്ചിലെ സന്ദര്‍ശകരെ വരവേല്‍കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അഭിമാനികളായി നടിച്ചവര്‍ അയാളൂടെ പുഞ്ചിരിയെ ഗൌനിച്ചില്ല. ചിലര്‍ ഒരു തമാശയ്ക്ക്‌ അയാളോട്‌ കുശലാന്വേഷണം ചോദിക്കും. വൈകുന്നേരങ്ങളില്‍ സ്കൂള്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്ന കുട്ടികള്‍ക്ക്‌ അയാളൊരു കാഴ്ച വസ്തുവായിരുന്നു. പയ്യാമ്പലം ബീച്ചിനോടനുബന്ദിച്ചുള്ള പൂന്തോട്ടത്തിലേക്ക്‌ സൌജന്യപ്രവേശനത്തിനുള്ള സമരങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ വിജയം കണ്ടത്‌ ഇയാളുടെ ഏകാങ്ക സാംസ്കാരിക സംഘടന മാത്രമായിരുന്നു. ബാക്കി എല്ലാവരും ഇന്നും പണം മുടക്കി തന്നെ അവിടേക്ക്‌ പ്രവേശിക്കുന്നു.

അലോസരപ്പെടുത്തുന്ന ചില സായാഹ്നങ്ങള്‍ ഞാന്‍ ഇരുപത്‌ കിലോമീറ്റര്‍ യാത്ര ചെയ്ത്‌ പയ്യാമ്പലം ബീച്ചില്‍ ചെലവഴിക്കാറുണ്ടായിരുന്നു. പൂന്തോട്ടത്തിന്റെ വികസനത്തിനെന്ന പേരില്‍ ഒരു രൂപയുടെ രണ്ട്‌ നാണയത്തുട്ടുകള്‍ പൂന്തോട്ടകവാടത്തില്‍ ഞാനും എല്ലാവരേയും പോലെ കൊടുത്തു പോന്നു. പക്ഷെ, പൂന്തോട്ടത്തിലെ പൂച്ചെടികള്‍ക്കിടയില്‍ വൃത്തിയാക്കപ്പെടാതെ മുഴച്ച്‌ നില്‍ക്കുന്ന കളകള്‍ എന്നിലെ സമരതൃഷ്ണയെ ഉണര്‍ത്താറുണ്ടായിരുന്നു. എങ്കിലും, അവരും ഭൂമിയുടെ അവകാശികളാണല്ലോ എന്ന് സ്വയം സമാധാനിച്ചു. ആ പൂന്തോട്ടത്തിലെ ഏതൊരു കോണില്‍ ചെന്നിരുന്നാലും പയ്യാമ്പലം ബീച്ചിലെ ദൃശ്യ ഭംഗി ആസ്വദിക്കാമായിരുന്നു. ദൂരങ്ങള്‍ താണ്ടി തഴുകി വരുന്ന ഇളം കാറ്റും, ആര്‍ത്തിരമ്പി വരുന്ന കടല്‍തിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെങ്കല്ലുകളില്‍ ചെന്നിടിച്ച്‌ തകര്‍ന്നടിഞ്ഞ്‌ തിരിച്ചു പോകുന്നതും, രാത്രിയെന്ന കാമിനിയ്ക്ക്‌ വഴിമാറി കൊണ്ട്‌ കടലിലേക്ക്‌ ആത്മാഹുതി ചെയ്യുന്ന സായാഹ്നസൂര്യനും എല്ലാം, വെയില്‍ത്തണ്ടു വാടിയ സായാഹ്നങ്ങളിലെ പയ്യാമ്പലത്തെ കൂടുതല്‍ മനോഹരിയാക്കിയിരുന്നു. എന്നും ഏകാന്തതയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍, എല്ലാ സന്ദര്‍ശന വേളയിലും തണല്‍ മാത്രം നല്‍കിക്കൊണ്ടിരുന്ന ഒരു തണല്‍മരത്തിനു കീഴില്‍ ചെന്നിരിക്കും. പലപ്പോഴും എനിക്കു വിപരീതമായി മറ്റൊരു മരത്തിന്‍ കീഴില്‍ ആ ഭ്രാന്തനും ഇരിക്കാറുണ്ടായിരുന്നു. ഒരു പേനയെടുത്ത്‌ കടലാസുതുണ്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചിടും. എല്ലാം എഴുതി കഴിഞ്ഞ്‌ വല്ലാത്തൊരു അമര്‍ഷത്തോടെ ആ കടലാസ്‌ തുണ്ട്‌ ചുരുട്ടി എറിയും. വീണ്ടും പുതിയ കടലാസെടുത്ത്‌ എഴുതാന്‍ തുടങ്ങും. അക്ഷരങ്ങള്‍ കൊണ്ട്‌ ചിത്രങ്ങള്‍ വരച്ച കടലാസു തുണ്ടുകള്‍ക്കിടയില്‍ അയാള്‍ അയാളുടേതു മാത്രമായ ഒരു ലോകം പണിതു. പല സന്ദര്‍ഭങ്ങളിലും, കീശയിലിരിക്കുന്ന പേനയെടുത്ത്‌ എന്തെങ്കിലും കുറിക്കണമെന്ന് എന്റെ ആഗ്രഹങ്ങള്‍ എന്നെ ശല്യം ചെയ്യാറുണ്ടായിരുന്നു. പക്ഷെ, സന്ദര്‍ശകര്‍ എന്നെയും ഭ്രാന്തനെന്ന് വിളിക്കുമെന്ന് ഞാന്‍ ഭയന്നു. എന്റെ ഭാവഭേദങ്ങള്‍ തിരിച്ചറിഞ്ഞിട്ടെന്ന പോലെ, ആ ഭ്രാന്തന്‍ ഒളികണ്ണിട്ട്‌ എന്നെ നോക്കി ചിരിക്കുമായിരുന്നു. സഹതാപം കലര്‍ന്ന ഒരു തരം പരിഹാസത്തോടെ..!

അന്നത്തെ സായാഹ്നവും എന്റെ മനസ്സിനെ അലോസരപ്പെടുത്തുന്നതായി തോന്നിയതിനാലാവാം, പയ്യാമ്പലം ബീച്ചിലെ ആ തണല്‍ മരത്തിനു കീഴില്‍ അഭയം പ്രാപിച്ചത്‌. അന്നും ആ ഭ്രാന്തനെ ഞാന്‍ അവിടെ കണ്ടു. അയാള്‍ അയാളുടെ സ്ഥിരം തണല്‍മരവും ചാരി കടലിന്റെ അനന്തതയിലേക്ക്‌ ഇമ വെട്ടാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. അക്കരെ നിന്നും തന്റെ പേനയും തേടി ഒരായിരം അക്ഷരങ്ങള്‍ കടല്‍ താണ്ടി കടന്നു വരാനുണ്ടെന്നത്‌ പോലെ. സായാഹ്നം ഇരുണ്ടു തുടങ്ങാന്‍ ഇനി നാഴികകള്‍ മാത്രം ബാക്കി നില്‍കുന്നു. ചെറുതായി ചാറ്റല്‍ മഴ പെയ്യുന്നത്‌ പോലെ തോന്നി. തോന്നിയതല്ല... മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സന്ദര്‍ശകരില്‍ ഞാനടക്കമുള്ള ഒരു കൂട്ടം അവിടെയുള്ള വിശ്രമകേന്ദ്രത്തില്‍ അഭയം പ്രാപിച്ചു. ആ ഭ്രാന്തനും...! പയ്യാമ്പലം പൂന്തോട്ടം നിര്‍മിക്കപ്പെടുന്നതിനു മുമ്പ്‌ പയ്യാമ്പലത്തുള്ള ബസ്‌ യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രമായിരുന്നു ആ കെട്ടിടം. പൂന്തോട്ടം വന്നതിനു ശേഷം ഒരു തുറന്ന വിശ്രമകേന്ദ്രമായി രൂപാന്തരപ്പെടുകയായിരുന്നു അത്‌. കൊച്ചു കൊച്ചു സങ്കടങ്ങളുമായി ഒരു മുരളലായി തുടങ്ങിയ മഴ പൊട്ടിക്കരയാന്‍ കൂടുതല്‍ സമയമെടുത്തില്ല. സിമന്റ്‌ കൊണ്ട്‌ നിര്‍മിച്ച ആ കൊച്ചു മേല്‍കൂരയ്ക്ക്‌ കീഴില്‍ ആളുകള്‍ തടിച്ചു കൂടി. അടുത്ത്‌ നില്‍ക്കുന്ന ആ ഭ്രാന്തന്റെ വസ്ത്രത്തില്‍ നിന്നും വമിച്ച ദുര്‍ഗന്ധത്തേക്കാളേറെ ആളുകള്‍ മഴയെ വെറുത്തു. ചിലര്‍ നിഷ്കളങ്കയായ മഴയെ പ്രാകി. ചിലര്‍ മഴയെ സൃഷ്ടിച്ച ദൈവത്തെ കള്ളനെന്ന് വിളിച്ചു. മട്ടു ചിലര്‍, പയ്യാമ്പലം സന്ദര്‍ശിക്കാന്‍ തോന്നിയ ആ നിമിഷത്തെ ശപിച്ചു. മഴയുടെയും മണ്ണിന്റെയും സമ്മിശ്രഗന്ധം ചിലരില്‍ അസ്വസ്തതയുണ്ടാക്കി. ഇടയ്ക്കിടെ കടന്നു വന്ന ഇളംകാറ്റില്‍ മഴത്തുള്ളികള്‍ ആ കെട്ടിടത്തിനകത്തേക്ക്‌ ചീറ്റികൊണ്ടിരുന്നു. മഴത്തുള്ളികളില്‍ നിന്നും രക്ഷപ്പെടാന്‍ ചില സ്ത്രീകള്‍ ഇടയ്ക്കിടെ സാരി തുമ്പ്‌ അല്‍പം ചേര്‍ത്ത്‌ പിടിച്ച്‌ കൊണ്ടിരുന്നു. പുരുഷന്റെ കാലുകള്‍ക്ക്‌ ഭംഗിയില്ലാത്തതിനാലാകാം, അവര്‍ക്ക്‌ തുണി മടക്കി കെട്ടാനുള്ള സ്വാതന്ത്ര്യം സമൂഹം പതിച്ചു നല്‍കിയിരുന്നതിനാല്‍ അവരുടെ വസ്ത്രങ്ങള്‍, നിലത്ത്‌ വീണു തെറിക്കുന്ന മഴത്തുള്ളികളില്‍ നിന്നും രക്ഷ തേടി. കെട്ടിടത്തിന്റെ രണ്ട്‌ വശത്തുമുള്ള തൂണുകള്‍ ചാരി, ചുരുണ്ട്‌ കൂടിയിരുന്ന് രണ്ട്‌ പേര്‍ നിശ്ശബ്ദമായി പുറത്തേക്ക്‌ നോക്കുന്നുണ്ടായിരുന്നു. ആള്‍കൂട്ടത്തിനിടയില്‍ ആ ഭ്രാന്തന്‍ മാത്രം മഴയെ നോക്കി ചിരിച്ചു. സന്തോഷം കൊണ്ട്‌ വിടര്‍ന്ന അയാളുടെ ഹൃദയം ആ മുഖത്ത്‌ പ്രതിഫലിച്ചിരുന്നു.

"ആ മഴയുടെ സംഗീതം നിങ്ങള്‍ ശ്രദ്ധിച്ചുവോ??"

അവിടെ കൂടിയിരുന്ന മുഴുവന്‍ ആളുകളേയും അഭിസംബോധന ചെയ്യുന്നത്‌ പോലെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

ആരും ആയാളെ ഗൌനിച്ചില്ല. ചിലര്‍ ഒളികണ്ണിട്ട്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ മുഖം ഞാനറിയാതെ അയാളുടെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഈ സംഗീതത്തിന്റെ താളം ഒന്ന് പിഴച്ചാല്‍ പിന്നെ ജീവിതങ്ങളില്ല..!! ഈ സംഗീതം പെയ്തൊഴിഞ്ഞാല്‍ പിന്നെ വികാരങ്ങളില്ല..!!"

അയാള്‍ മഴയുടെ സംഗീതത്തെ കുറിച്ച്‌ വാചാലനായി. "കല്ലിലും മണ്ണിലും വിരല്‍ മീട്ടി സപ്തസ്വരങ്ങള്‍ വിരിയിക്കുന്ന പ്രകൃതിയുടെ മായാവിരലുകള്‍..! ഈ സംഗീതത്തിനു സത്യത്തിന്റെ നിഷ്കളങ്കതയുണ്ട്‌.. ഇവയ്ക്ക്‌ ആസ്വാദനത്തിന്റെ കുളിരുണ്ട്‌. ഒരു ദ്രുതതാളമായി പെയ്തൊഴിഞ്ഞ്‌, ശാന്തമായി മനുഷ്യമനസ്സിലേക്ക്‌ ഒഴുകുന്ന പ്രണയസംഗീതം പോലെ..!!" തന്റെ വാക്കുകള്‍ മഴയുടെ സംഗീതത്തില്‍ അലിഞ്ഞില്ലാതാകുകയാണെന്ന് മനസ്സിലാക്കിയ ഏതോ ഒരു നിമിഷത്തില്‍ എന്തൊക്കെയോ സ്വയം പിറുപിറുത്ത്‌ കൊണ്ട്‌ അയാള്‍ ആര്‍ത്തിരമ്പുന്ന മഴയ്ക്കിടയിലൂടെ അതിവേഗം ഇറങ്ങി നടന്നു. പിന്നീടെപ്പോഴോ, മഴ തോര്‍ന്നപ്പോള്‍ നേരം വളരെ ഇരുട്ടിയിരുന്നു.

ദിനങ്ങള്‍ കൊഴിയും തോറും ആ ഭ്രാന്തനോടുള്ള അഭിനിവേശം ഏറി വന്നു. ഒരിക്കല്‍ ആ ഭ്രാന്തന്‍ ചുരുട്ടി എറിഞ്ഞ ഒരു കടലാസു തുണ്ടില്‍ ഞാന്‍ ഇങ്ങനെ വായിച്ചു. "ജീവിതത്തിന്റെ പുസ്തകത്താളുകളില്‍ വികാരങ്ങളുടെ മഷിത്തണ്ടു കൊണ്ട്‌ ചരിത്രം തിരുത്തി എഴുതാന്‍ നിന്റെ മനസ്സാക്ഷിയ്ക്ക്‌ കഴിവുണ്ടോ?? ഇല്ല... പിന്നെ?? ആയുസ്സിന്റെ കല്‍പടവുകള്‍ ഇനിയും ശേഷിക്കുന്നു. കാലത്തിന്റെ പൊടിക്കാറ്റില്‍ മറഞ്ഞു പോകാത്ത സത്യങ്ങള്‍ ഈ ഭൂമിയില്‍ ഇല്ല. വീണ്ടും അവയെ ചികയാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മകള്‍ക്ക്‌ കൈപേറുന്നു.."

ഒരു ഭ്രാന്തന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍..! അയാളെ കൂടുതല്‍ അറിയണമെന്ന് മനസ്സ്‌ വെമ്പി.

ഒരിക്കല്‍ സന്ദര്‍ശകരുടെ പരിഹാസ്യം ഗൌനിക്കാതെ ഞാന്‍ അയാളുടെ അടുക്കല്‍ ചെന്നിരുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. ചോദ്യങ്ങള്‍ക്ക്‌ മാത്രം അയാള്‍ സംസാരിച്ചു. അറിയാനാഗ്രഹിച്ചത്‌ പലതും ചോദിച്ചു. അയാള്‍ പല പല ഉത്തരങ്ങള്‍ തന്നു.

"എഴുതാറുണ്ടോ..?" അയാള്‍ ആദ്യമായി എന്നൊട്‌ ചോദിച്ചു.

"ഇല്ല.. ആഗ്രഹമുണ്ട്‌.." ഞാന്‍ മറുപടി പറഞ്ഞു.

"വായിക്കണം.. വായനയുടെ ഉപോല്‍പന്നമാണു എഴുത്ത്‌.."

സംസാരിക്കുന്നതിനിടയില്‍ അയാളൂടെ അടുത്ത്‌ കിടന്നിരുന്ന 'നിന്ദിതരും പീഡിതരും' എന്ന ദസ്തയേവ്സ്കിയുടെ പുസ്തകം കൈയിലെടുത്ത്‌ വെറുതെ മറിച്ചു നോക്കി.

"വായിച്ചിട്ടുണ്ടോ..??" അയാള്‍ എന്നെ നോക്കി ചോദിച്ചു.

"ഇല്ല.."


"വായിക്കണം..! പ്രണയത്തിന്റെ അനാഥത്വമെന്തെന്ന് നിനക്ക്‌ മനസ്സിലാകും. വ്രണപ്പെട്ട ഹൃദയത്തിലെ വേദന മുഴുവന്‍ മഷിയായി ഉപയോഗിച്ചിട്ടും, മരണം വരെ മനസ്സു നീറി ജീവിക്കേണ്ടി വന്ന ദസ്തയേവ്സ്കിയെ പോലെയുള്ള എഴുത്തുകാര്‍ വിശ്വസാഹിത്യത്തില്‍ കുറവാണു."

ഒരു ഭ്രാന്തന്റെ കേള്‍വിക്കാരനായി ഇരിക്കുന്ന എന്നെ നോക്കി രണ്ട്‌ 'മനുഷ്യര്‍' അതിലൂടെ കടന്നു പോയി.

"ഖലീല്‍ ജിബ്രാന്‍ ഒരിക്കല്‍ പറഞ്ഞില്ലേ.. പ്രണയം മനുഷ്യനെ അക്ഷരങ്ങളുടേയും വാക്കുകളുടേയും അടിമയാക്കുന്നു എന്ന്..! ദസ്തയേവ്സ്കി അത്തരത്തിലൊരു അടിമയാണു. സ്വപ്നത്തില്‍ കോറിയിട്ട നടാഷയെന്ന തന്റെ പെണ്ണിന്റേയും അവളുടെ കാമുകന്റേയും രക്ഷയ്ക്കായി ഇറങ്ങി തിരിച്ച വാനിയയുടെ നിസ്വാര്‍ത്ഥ പ്രണയം... മുറിപ്പെട്ട ആ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ സാധിക്കാതെ പോയ സ്വാര്‍ത്ഥതയുടെ സ്ത്രീരൂപം നടാഷയിലൂടെ നിനക്ക്‌ 'നിന്ദിതരും പീഡിതരും' എന്ന പുസ്തകത്തില്‍ കാണാം... ഷേക്സ്പിയറിന്റെ വാക്കൂകള്‍ എത്ര അന്വര്‍ത്ഥമാകുന്നു.. സ്ത്രീ തന്നെയാണു ചാപല്യം..!!"

ആ ഭ്രാന്തന്റെ വായനാശീലത്തിനു മുന്നില്‍ ഒരു നിമിഷം എന്റെ ശിരസ്സ്‌ താഴ്ന്നു.

"താങ്കള്‍ എഴുതുമല്ലേ..?" ഞാന്‍ വെറുതെ ചോദിച്ചു.

അയാള്‍ ചിരിക്കാന്‍ തുടങ്ങി. അയാളുടെ ചിരിയുടെ നീളം ഏറി വന്നപ്പോള്‍, ഒരു യഥാര്‍ത്ഥ ഭ്രാന്തന്റെ ചിത്രം എന്റെ മനസ്സില്‍ ഓടിയിറങ്ങി.

"എഴുതാറുണ്ട്‌.. ഒരു ഭ്രാന്തന്റെ ജല്‍പനങ്ങള്‍.." ചിരി പെട്ടെന്ന് നിര്‍ത്തി കൊണ്ട്‌ അയാള്‍ തുടങ്ങി."സ്വയമൊരു വീരയോദ്ധാവായി കരുതി, ലോകം തനിക്കു വേണ്ടി കാത്തുനില്‍ക്കുകയാണെന്ന് വിശ്വസിച്ച മട്ടൊരു ഡോണ്‍ ക്വിക്സോട്ട്‌..

"ഒരു നിമിഷം സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്സോട്ടിനെ ഞാന്‍ ഓര്‍ത്തു. 'അപമാനിതനും ദുഃഖിതനുമായി, അവസാനം തനിക്ക്‌ വിവേകം ഉദിച്ചുവെന്ന് വിളിച്ചു കൂവുന്ന ഡോന്‍ ക്വിക്സോട്ട്‌..!! അതെ.. ഇയാള്‍ മട്ടൊരു ഡോണ്‍ ക്വിക്സോട്ട്‌ തന്നെ..!! ഇവിടെ ആരാണു ഭ്രാന്തന്‍.. ആരാണു ജ്ഞാനി...???' എന്റെ ചിന്തകള്‍ സംഘര്‍ഷഭരിതമായി.

ഏറെ നേരത്തെ മൌനത്തിനു ശേഷം വല്ലാത്തൊരു ആവേശത്തോടെ ഞാന്‍ അയാളോട്‌ കുടുംബത്തെ കുറിച്ച്‌ ചോദിച്ചു. അയാള്‍ കണ്ഠനാളത്തിലെ മുഴുവന്‍ ശബ്ദവുമെടുത്ത്‌ പൊട്ടിച്ചിരിച്ചു.

"ഒരു ഭ്രാന്തനോട്‌ കുടുംബത്തെ കുറിച്ച്‌ ചോദിക്കാന്‍ മാത്രം വിഡ്ഢിയോ നീ..??"ഒരു നാടകനടന്റെ സംഭാഷണരീതിയെ അനുസ്മരിപ്പിക്കും വിധം അയാള്‍ അട്ടഹസിച്ചു കൊണ്ട്‌ ചോദിച്ചു. ദൂരങ്ങളില്‍ നില്‍ക്കുന്ന മറ്റു സന്ദര്‍ശകര്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ്‌ നടക്കാന്‍ ഒരുമ്പെട്ടു. അയാള്‍ എന്റെ കൈതണ്ടയില്‍ കടന്നു പിടിച്ചു.

"പേടിക്കേണ്ട.. ഞാന്‍ ഒന്നും ചെയ്യില്ല." അയാളുടെ ദൈന്യതയിലേക്ക്‌ മാറിയ മുഖം കണ്ടപ്പോള്‍ ഞാന്‍ വീണ്ടും അവിടെ ഇരുന്നു. വല്ലാത്തൊരു നെടുവീര്‍പ്പോടെ അയാള്‍ തുടര്‍ന്നു. "അപരിചിതമായ നഗരത്തിലൂടെ ദിശയറിയാതെ അലയുന്ന പരാജിതനും നിസ്സഹായനുമായ മനസ്സ്‌. സ്വന്തത്തോട്‌ തന്നെ സഹതാപം തോന്നുന്ന നിമിഷങ്ങള്‍.. തിരിഞ്ഞു നോക്കുമ്പോള്‍ പാഴായും ശൂന്യമായും കിടക്കുന്ന ആയുസ്സിന്റെ താളുകള്‍..! ഭാവിയുടെ ചോദ്യക്കടലാസിലേക്ക്‌ ഉത്തരം കിട്ടാതെ പകച്ചു നോക്കുന്ന മനസ്സ്‌. ആശങ്കകളുടെ ചതുപ്പില്‍ താണു ശ്വാസം മുട്ടിയ മനസ്സിനു എറിഞ്ഞു കിട്ടിയ പിടിവള്ളിയായിരുന്നു, സ്വയം സൃഷ്ടിച്ച എന്റെ അക്ഷരങ്ങള്‍.. ഭ്രാന്തമായ മനസ്സുമായി പയ്യാമ്പലം ബീച്ചിലെ ഒരു കോണില്‍ ഈ തണല്‍ മരത്തിനു കീഴില്‍ ഏകാകിയായി ഇരുന്നപ്പോള്‍ ആരോ വിളിച്ചു.. 'ഭ്രാന്തന്‍'. സന്ധ്യ മയങ്ങി എല്ലാവരും തിരിച്ചു പോയാലും, തണല്‍മരത്തിനു കീഴിലെ ഈ പുല്‍തകിടിയില്‍ ഞാനുണ്ടാകും. നിസ്സഹായനായ ഒരു ശില്‍പം പോലെ.." പിന്നീട്‌ അയാള്‍ ഒരു ഗാഡനിശ്വാസത്തില്‍ നിശ്ശബ്ദമായി.

ചേര്‍ത്ത്‌ പിടിച്ച കാല്‍മുട്ടുകള്‍ക്ക്‌ മുകളില്‍ താടി വെച്ച്‌ അയാള്‍ അനന്തതയിലേക്ക്‌ നോക്കിയിരുന്നു. ആ കണ്ണുകളില്‍ നീര്‍ക്കണങ്ങള്‍ ഉരുണ്ട്‌ കൂടുന്നത്‌ ഞാന്‍ കണ്ടു. പെട്ടെന്ന്, വളരെ പെട്ടെന്ന്, അയാള്‍ തന്റെ തുകല്‍ സഞ്ചിയും പുസ്തകവുമെടുത്ത്‌ കടല്‍തീരം ലക്ഷ്യം വെച്ച്‌ അതിവേഗം നടന്നു. മസ്തിഷ്കത്തിലെ മുഴുവന്‍ അമര്‍ഷവും ഭൂമിയോട്‌ തീര്‍ക്കുന്നത്‌ പോലെ. ഈ ഭൂമിയില്‍ അയാളുടേത്‌ പോലെ നിര്‍മലവും സത്യസന്ധവുമായ മറ്റൊരു ഹൃദയമില്ല എന്നു തോന്നിയ നിമിഷങ്ങള്‍.

ദിനങ്ങള്‍ കടന്നു പോയി. ഓരോ ദിനവും പലതും ചെയ്യണമെന്ന് മനസ്സിലുറച്ചു. ഒന്നും ചെയ്തില്ല. കടന്നു പോയ പകലുകളെ ഓര്‍ത്തുള്ള നഷ്ടബോധം മനസ്സില്‍ തളം കെട്ടി നിന്നു. ആയുസ്സിന്റെ യാത്രയ്കാരനു കാത്തു നില്‍ക്കാന്‍ സമയമില്ല. ദിനങ്ങള്‍ കഴിയുന്തോറും ആ ഭ്രാന്തനുമായി കൂടുതല്‍ കൂടുതല്‍ അടുത്തു.

അന്നും ആ ഭ്രാന്തനേയും പ്രതീക്ഷിച്ച്‌ പയ്യാമ്പലം ബീച്ചിലേക്ക്‌ ധൃതി വെച്ച്‌ നടന്നു. പൂന്തോട്ടാത്തിലെ അയാളുടേത്‌ മാത്രമായിരുന്ന ആ തണല്‍മരത്തിനു കീഴില്‍ അയാളെ കണ്ടില്ല. കുറച്ചപ്പുറത്ത്‌ സ്ഥിതി ചെയ്യുന്ന തുറന്ന ഓഡിറ്റോറിയത്തിനു മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടു. കേരളത്തിലെ പ്രമുഖനായ ഒരു സാഹിത്യകാരന്റെ ഉല്‍ഘാടന പ്രസംഗം അവസാന ഘട്ടത്തിലേക്ക്‌ അടുക്കുകയാണു. കണ്ണൂരിലെ ഒരു പുതു-എഴുത്തുകാരനുള്ള അവാര്‍ഡ്‌ ദാന ചടങ്ങാണതെന്ന്, വേദിയില്‍ കണ്ട ബാനറില്‍ നിന്നും മനസ്സിലായി. ഞാന്‍ ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ കയറി ചെന്നു. പരിപാടി ശ്രദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ സുഹൃത്തിനെ ആ ആള്‍ക്കൂട്ടത്തിനിടയില്‍ ചികയുകയായിരുന്നു എന്റെ കണ്ണുകള്‍. ഉദ്ദേശം സാധിക്കാതെ ഓരോരുത്തരെയായി വകഞ്ഞു മാറ്റി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍, എന്റെ മനസ്സില്‍ നിരാശ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു.

കടല്‍ക്കരയിലേക്ക്‌ നീങ്ങാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ അത്‌ കണ്ടത്‌. കടല്‍ക്കരയിലെ ഒരു ഭാഗത്ത്‌ കൂടി നില്‍ക്കുന്ന വിജനമായ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അയാള്‍ തനിയെ ഇരിക്കുന്നു. എന്നത്തേയും പോലെ, തനിക്കു ചുട്ടും സംഭവിക്കുന്നതൊന്നും തന്നെ ശ്രദ്ധിക്കാതെ കടലിനക്കരയിലേക്ക്‌ കണ്ണും നട്ട്‌...! ഞാന്‍ വല്ലാത്തൊരു സന്തോഷത്തോടെ ആ ചെറിയ ചാറ്റല്‍മഴയ്ക്കിടയിലൂടെ അയാളെ ലക്ഷ്യം വെച്ച്‌ നടന്നു. എന്റെ പദനിസ്വരവും അഭിവാദ്യവും അയാളുടെ ശ്രദ്ധ എന്നിലേക്ക്‌ തിരിച്ചില്ല. 'പ്രവാചകനും' 'നിന്ദിതരും പീഡിതരും' 'ജഹനാരയും' ഒരു കൂട്ടം കടലാസുതുണ്ടുകളായി അയാള്‍ക്ക്‌ ചുറ്റും ചിതറി കിടക്കുന്നു. വിറയ്ക്കുന്ന കൈവിരലുകളില്‍ നിന്ന് പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ വീണ പേനയില്‍ നിന്നും താഴെ തളം കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി പടരുന്നുണ്ടായിരുന്നു. ദുഃഖസാന്ദ്രമായ ഒരു മൂകത അയാളുടെ മുഖത്ത്‌ ഞാന്‍ ദര്‍ശിച്ചു. മഴയില്‍ നനഞ്ഞ അയാളുടെ വസ്ത്രങ്ങള്‍ ആ ദേഹത്ത്‌ ഒട്ടിപ്പിടിച്ചിരിക്കുന്നു. മഴയ്ക്ക്‌ ശക്തി കൂടി വന്നു. പക്ഷെ, ഇന്നത്തെ മഴയില്‍ അയാള്‍ സംഗീതം ശ്രവിച്ചില്ല. ആ മഴത്തുള്ളികള്‍ക്ക്‌ അവഗണിക്കപ്പെട്ട കണ്ണുനീരിന്റെ ഗന്ധം ഞാന്‍ അറിഞ്ഞു.

പിന്നില്‍, അവാര്‍ഡുദാന ചടങ്ങിലെ സദസ്സില്‍ നിന്നുമുള്ള കൈയടി കേള്‍ക്കുന്നുണ്ടായിരുന്നു.

3 comments:

 1. ഡ്രിസിലെ,

  ലിങ്കൊന്ന് നോക്കൂ.

  ഫയർ‍ഫോക്സിൽ വായന ദുഷ്ക്കരമാകുന്നു..

  കൂടാതെ, കമ്മന്റുകളിൽ ഇതും. വേർഡ് വേരിഫിക്കേഷൻ ഏർപ്പെടുത്തുന്നത് നന്നായിരിക്കും..

  ReplyDelete
 2. Dear Evuraan..
  i have done as you told. thnx for your valuable info.
  keep in touch..
  with luv
  dRiZzlE Mottambrum

  ReplyDelete