Pages

Sunday, January 15, 2006

പേനയുടെ ചിരി.

ഏതോ ഒരു ജന്മദിനത്തില്‍ അച്ചന്‍ സമ്മാനിച്ച ആ പേന വര്‍ങ്ങളായി അയാളുടെ സന്തതസഹചാരിയാണു. അല്ല.. അയാള്‍ ആ പേനയുടെ സന്തതസഹചാരിയാണു എന്നു പറയുന്നതാവും കൂടുതല്‍ ശരി. അയാള്‍ എഴുതാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അക്ഷരങ്ങളോടുള്ള അയാളുടെ പ്രണയം കാമമായി.. ക്രമേണ അതൊരു ലഹരിയായി മാറുകയായിരുന്നു. ശൈശവത്തില്‍ പക്ഷികളേയും മൃഗങ്ങളേയും അയാള്‍ അക്ഷരങ്ങള്‍ കൊണ്ട്‌ വരച്ചു. ആയുസ്സിന്റെ പടവുകള്‍ ഒന്നൊന്നായി കയറുന്നതിനനുസരിച്ച്‌, എഴുത്തിന്റെ വിഷയങ്ങള്‍ ഒന്നില്‍ മറ്റൊന്നിലേക്ക്‌ മാറിക്കൊണ്ടിരുന്നു. യവ്വനത്തിന്റെ ചാപല്യങ്ങളും വിപ്ലവവീര്യവും അയാളുടെ പേനയിലെ ദ്രാവകമായി രൂപാന്തരപ്പെട്ടു. കാലത്തിന്റെ ഇതളുകള്‍ കൊഴിയുന്നതിനനുസരിച്ച്‌ അയാള്‍ക്ക്‌ മുന്നില്‍ അഗ്നിക്കിരയാക്കപ്പ്പ്പെട്ട സിഗരറ്റ്‌ കൂട്ടങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു. സഞ്ചാരപഥത്തിനു നീളം വര്‍ദ്ധിക്കുമ്പോള്‍ അയാളുടെ സൌഹൃദ വലയം വികസിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ പെരുമാറ്റവും അയാളുടെ ഗ്രാമത്തിന്റെ സ്പന്ദനങ്ങളും എഴുത്തിന്റെ വിഷയങ്ങളായി മാറി. ഇടയ്ക്കെവിടെയോ കയറി വന്ന 'ഭാര്യ' എന്ന മറ്റൊരു സുഹൃത്തും..!! നിലാവു കൊണ്ട്‌ മൂടിപ്പുതച്ച രാത്രികളില്‍ കടല്‍ത്തീരത്തിരുന്ന്, അവളോടുള്ള പ്രണയം കടലാസിലേക്ക്‌ പകര്‍ത്തുമ്പോള്‍ അയാളുടെ ഹൃദയം തുടിച്ചു. മഷിയുണങ്ങാത്ത ആ വരികളില്‍ മദ്യം ശ്വസിക്കാമായിരുന്നു. അയാളേക്കാള്‍ ഭംഗിയായി ഭാര്യയെ പ്രണയിച്ച മറ്റൊരു ഭര്‍ത്താവ്‌ വേറെയില്ലെന്ന് വായനാലോകം മുദ്ര കുത്തി.
അക്ഷരങ്ങള്‍ കൊണ്ട്‌ ഭാര്യയെ പ്രണയിച്ച മറ്റൊരു രാത്രി കൂടി പ്രഭാതത്തിന്റെ മടിയിലേക്ക്‌ ഒരു തുഷാരമായി ഉതിര്‍ന്നു വീണു. ഉറക്കച്ചടവുമായി വീട്ടിലെത്തി പതിവു പോലെ ആദ്യം നോക്കിയത്‌, ഭാര്യയുടെ മെത്തയില്‍ പടര്‍ന്ന് കിടക്കുന്ന അഴിച്ചിട്ട മുടിയും അതിനു മുകളില്‍ മയങ്ങുന്ന ആ നിഷ്കളങ്കമായ മുഖവും..! ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി അടുക്കളയിലേക്ക്‌ തിരിഞ്ഞപ്പോള്‍ കണ്ടത്‌, ഒരു കയ്യില്‍ വസ്ത്രങ്ങളും ചുരുട്ടി പിടിച്ച്‌ അടുക്കളവാതില്‍ തുറന്ന് ധൃതിയില്‍ ഇറങ്ങി നടക്കുന്ന ഒരു അപരിചിതന്റെ വെപ്രാളം. ചായ കുടിക്കാതെ അയാള്‍ വേഗം എഴുത്തുമേശയ്ക്കരികിലേക്ക്‌ നീങ്ങി. അയാളിലെ എഴുത്തുകാരന്‍ സന്തോഷിച്ചു. പുതിയൊരു കഥയ്ക്ക്‌ വിഷയം കിട്ടിയിരിക്കുന്നു. 'ജാരന്‍'. സംസ്ഥാന അവാര്‍ഡിനര്‍ഹമായ ആ പുസ്തകത്തിന്റെ ശീര്‍ഷകം, വായനാലോകം മുഴുവന്‍ 'വേശ്യയായ ഭാര്യ' എന്ന് വായിച്ചപ്പോള്‍ ആ ഭാര്യ മാത്രം 'വേശ്യയാക്കപ്പെട്ട ഭാര്യ' എന്ന് തിരുത്തി വായിച്ചു.
'കാലചക്രത്തിന്റെ വേഗത കൂടുന്നതറിയാന്‍ ഞാന്‍ വൈകിയോ..' നരച്ച താടിരോമങ്ങള്‍ക്കിടയിലൂടെ കൈവിരലുകള്‍ ചലിപ്പിച്ച്‌ വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് അയാള്‍ സ്വയം മന്ത്രിച്ചു. 'കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന ജീവിതം. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ അനുസൃതമായി കുടി കൊള്ളാത്ത ഒരാത്മാവിനെ ഞാനെന്തിനു എന്റെ ശരീരത്തില്‍ വഹിക്കണം? എന്റെ ശരീരത്തില്‍ നിന്നും അതിനു ഭ്രഷ്ട്‌ കല്‍പ്പിക്കാം. അപ്പോ.. എന്റേതല്ലാത്ത ഒരാത്മാവിനു മേല്‍ ഇടപെടാന്‍ എനിക്കെന്തവകാശം? എങ്കില്‍.. ഞാന്‍ ആരു?? വിധിയുടെ (ആരാണീ വിധി..?) താളത്തിനൊത്ത്‌ തുള്ളാന്‍ വിധിക്കപ്പെട്ട (വീണ്ടും വിധി..!) കളിപ്പാവയോ? ജീവിതയാഥാര്‍ത്യങ്ങളുടെ നിഗൂഡതകളിലേക്ക്‌ ഊളിയിടാന്‍ ശ്രമിക്കുമ്പോള്‍.. ചിന്തകള്‍ക്ക്‌ അഗ്നി പടരുന്നത്‌ പോലെ..!!
'അയാള്‍ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ മാറ്റി വെച്ച്‌, ജീവിതലക്ഷ്യങ്ങളെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
'ഈ ഭൂമിയില്‍ അര്‍ക്ക്‌ വേണ്ടി വിരിഞ്ഞു?? കൈകാലുകള്‍ വെച്ച ഒരു കൂട്ടം പൂക്കള്‍. എവിടെയൊക്കെയോ വിരിയുന്നു.. എവിടെയൊക്കെയോ കൊഴിയുന്നു.. ഇനിയും ചിലത്‌ വിടരാനിരിക്കുന്നു.. ഏതോ ഒരു യാമത്തില്‍ ആരുമറിയാതെ കൊഴിയുന്നതിലേക്ക്‌..!!' അയാള്‍ ഭ്രാന്തന്‍ ചിന്തകല്‍ മുഴുവന്‍ കടലാസിലേക്ക്‌ പകര്‍ത്തി.
'ജീവിതത്തിനു ഒരു ഫലമില്ലാതായല്ലോ..'
'ഫലമോ.. അത്‌ പരീക്ഷകള്‍ക്കും പ്രയത്നങ്ങള്‍ക്കുമുള്ളതല്ലെ..?' അയാളുടെ മനസ്സാക്ഷി അയാളെ ഖണ്ഠിക്കാന്‍ ശ്രമിച്ചു.
'എന്റെ ജീവിതവും ഒരു പരീക്ഷയായിരുന്നില്ലെ.. ചോദ്യങ്ങള്‍ക്കൊന്നൊന്നായി ഉത്തരം എഴുതിത്തീര്‍ത്ത പരീക്ഷ. എനിക്കു ചുറ്റും ആരൊക്കെയോ അവരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടിക്കൊണ്ടിരിക്കുന്നു. ചിലര്‍ പരീക്ഷ പൂര്‍ത്തിയാക്കാതെ പരീക്ഷാമുറിയില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.' മനസ്സംഘര്‍ഷത്തിനിടയില്‍ എപ്പോഴാണെന്നറിയില്ല... അയാളുടെ മനസ്സ്‌ മയങ്ങാന്‍ തുടങ്ങിയത്‌.
യുഗങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു. മെത്തയില്‍ മലര്‍ന്ന് കിടക്കുന്ന അയാള്‍ക്ക്‌ ചുറ്റും ആരൊക്കെയോ കൂടി നില്‍ക്കുന്നു. പൌരപ്രമുഖരും, സാഹിത്യപ്രതിഭകളും.. ഓരോ തരത്തിലുള്ള മനുഷ്യര്‍..! ഇമ വെട്ടാതെ മുകളിലേക്ക്‌ നോക്കിക്കൊണ്ടിരുന്ന അയാളുടെ കണ്‍പീലികളില്‍ ഏതോ രണ്ട്‌ വിരലുകള്‍ തലോടി. അയാളുടെ വിരലുകള്‍ക്കിടയില്‍ നിന്നും ആ പേന താഴെ വീണു.
അയാളുടെ കാലശേഷവും കാലം കാലത്തിന്റെ വഴിക്ക്‌ നീങ്ങിക്കൊണ്ടിരുന്നു. ഇന്ന് അയാളുടെ നൂറാം ചരമവാര്‍ഷികം. അയാളുടെ പേരില്‍ നിര്‍മ്മിച്ച മ്യൂസിയത്തിലെ ഓഡിറ്റോറിയത്തില്‍ മലയാളസാഹിത്യത്തിലെ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന ശക്തമായ വാദപ്രതിവാദം നടക്കുകയാണു. അയാളുടെ അവസാനകൃതിയായ 'സ്രഷ്ടാവും സൃഷ്ടിയും' എന്ന പുസ്തകം, അയാളുടെ ആത്മകഥയോ ജീവചരിത്രമോ എന്ന തലക്കെട്ടില്‍. അപ്പോള്‍, ആ മ്യൂസിയത്തിലെ ഒരു കോണില്‍ ചില്ലുകൂട്ടിലടക്കപ്പെട്ട അയാളുടെ പേന ചിരിക്കുകയായിരുന്നു. താന്‍ കോറിയിട്ട അക്ഷരങ്ങള്‍ക്കിടയിലെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കാതെ പതറുന്ന മനുഷ്യമസ്തിഷ്കങ്ങളെ ഓര്‍ത്ത്‌.. --ഡ്രിസില്‍ മൊട്ടാമ്പ്രം

2 comments:

  1. ആ പേന ചിരിക്കുകയാണു..

    ReplyDelete
  2. നന്നായിട്ടുണ്ട്‌

    ReplyDelete