Pages

Thursday, January 05, 2006

കഥാന്തരങ്ങളിലെ കഥ..

ഇതൊരു കഥ മാത്രം.. കഥാന്തരങ്ങളിലെ കഥ..
ഒരു സാഹിത്യ വ്യഭിചാരിയെ എറിഞ്ഞു കൊന്നു. ഞാന്‍ സ്വര്‍ഗസ്ഥനായി..!!

'സാഹിത്യ വ്യഭിചാരി'.. ആ വാക്കിന്റെ അര്‍ത്ഥമെന്ത്‌?? ഞാനെന്തിനാണു അയാളെ ആ പേരു വിളിച്ചത്‌? അയാള്‍ ഒരിക്കലും സ്വയം ഒരു സാഹിത്യകാരനാണെന്ന് പറഞ്ഞിട്ടില്ല. അക്ഷരങ്ങളോടുള്ള പ്രണയം ഒരു ഭ്രാന്തായി മാറിയപ്പോള്‍, അയാള്‍ എന്തൊക്കെയോ വായിച്ചു കൂട്ടി. അക്ഷരങ്ങളുടെ നിറക്കൂട്ട്‌ ചേര്‍ത്ത്‌ ചിത്രങ്ങള്‍ വരക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ, അയാള്‍ ജലച്ചായങ്ങള്‍ വരച്ചത്‌ ചില്ല്ലുജാലകത്തിലായിരുന്നു. തനിക്ക്‌ കഴിയാതെ പോയ രചനാപാടവം മറ്റുള്ളവരില്‍ കണ്ടപ്പോള്‍ അയാളുടെ പ്രണയം അവരോടായി. അത്‌ കൊണ്ട്‌ തന്നെ അയാള്‍ എന്നേയും പ്രണയിച്ചു. അയാളുടെ സ്നേഹത്തില്‍ എന്നും ഞാന്‍ ആത്മാര്‍ത്ഥത ദര്‍ശിച്ചിരുന്നു. അയാള്‍ കുത്തിക്കുറിച്ചിട്ട 'വിഡ്ഡിത്തങ്ങള്‍' ആദ്യം കേള്‍പ്പിച്ചത്‌ എന്നെയായിരുന്നു. അഭിപ്രായങ്ങള്‍ എന്നോട്‌ ചോദിച്ചു. അയാള്‍ സാഹിത്യം വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. എവിടെയാണു അയാള്‍ സാഹിത്യം മോഷ്ടിച്ചത്‌? ഞാന്‍ വീണ്ടും സംശയിച്ചു. 'അതെ.. അയാള്‍ സാഹിത്യത്തെ വ്യഭിചരിച്ചിട്ടുണ്ട്‌. അയാളെ ഒന്നു കൂടി പോയി കാണണം.'


ഞാന്‍ ദ്രുതഗതിയില്‍ അയാളുടെ മുറിയിലേക്ക്‌ ചെന്നു. അയാള്‍ സുഖനിദ്രയിലാണു. അയാളുടെ മനസ്സാക്ഷിയുടെ ഡോക്ടര്‍ അടുത്തുണ്ട്‌.

'എന്തു പറ്റി ഡോക്ടര്‍??' ഞാന്‍ ചോദിച്ചു.

'ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ. ഇയാളുടെ കറ പിടിച്ച എഴുത്തുകാരന്റെ ഹൃദയം മാറ്റി ഒരു പൂര്‍ണ വായനക്കാരന്റെ ഹൃദയം മാറ്റി വെച്ചു.'

'പഴയ ഹൃദയം എവിടെ?' ഞാന്‍ ചോദിച്ചു. എനിക്ക്‌ ആ ഹൃദയത്തെ ഉപദേശിക്കേണ്ടിയിരിക്കുന്നു.
ഡോക്ടര്‍ അടുത്തുള്ള മേശമേല്‍ വിരല്‍ ചൂണ്ടി. അവിടെ ഒരു വെള്ളി പാത്രത്തില്‍ വരണ്ടുണങ്ങിയ, ചോര പൊടിയാത്ത ഒരു ഹൃദയം.!! ഷണ്ഠീകരിക്കപ്പെട്ട ആ ഹൃദയത്തില്‍ പുഴുവരിക്കുന്നുണ്ടായിരുന്നു. അടുത്ത്‌ നില്‍ക്കുന്ന പെന്‍ഹോല്‍ഡറില്‍ വിവിധ നിറത്തിലുള്ള പേനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ശവമാടത്തിനു മുന്നില്‍ കത്തിച്ചു വെച്ച മെഴുകുതിരികള്‍ പോലെ..!!

'ഇല്ല.. ഇയാള്‍ സാഹിത്യവ്യഭിചാരി തന്നെ...' തിരിഞ്ഞു നടക്കുന്നതിനിടയില്‍ എന്റെ മനസ്സ്‌ എന്നെ ന്യായീകരിച്ചു. സാഹിത്യവ്യഭിചാരത്തിനെതിരെയുള്ള എന്റെ സമരപോരാട്ടങ്ങളില്‍ ഒരു നാഴികക്കല്ലു കൂടി. ഞാന്‍ പാദങ്ങള്‍ അതിവേഗം ചലിപ്പിച്ചു. അടുത്ത സമരമുഖത്തേക്ക്‌..

3 comments:

  1. ഏതൊരു കലാകാരനും എത്രത്തോളം 'original'ആവാൻ പറ്റും? വായിച്ചറിഞ്ഞതും, കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും എല്ലാം സൃഷ്ടിയിൽ വരില്ലേ?
    welcome, and keep drizzling:)

    ReplyDelete
  2. നന്നായിട്ടുണ്ട്‌.

    ReplyDelete