Pages

Thursday, February 02, 2006

ചാറ്റല്‍ മഴ തോരുന്നില്ല

പുറത്ത്‌ ചെറുതായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്‌. പ്രിഡിഗ്രി കഴിഞ്ഞതിനു ശേഷം സര്‍ സയ്യിദ്‌ കോളേജില്‍ ഇതിനു മുമ്പ്‌ വന്നത്‌ രണ്ട്‌ വര്‍ഷം മുമ്പാണു. ഗള്‍ഫിലേക്ക്‌ പോകാനായി ബാംഗ്ലൂരിലെ ജോലി രാജി വെച്ച്‌ നാട്ടിലെത്തിയതായിരുന്നു. കാത്തിരിപ്പിനു ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു. വൈകുന്നേരങ്ങള്‍ വിരസമായി തോന്നിയപ്പോഴാണു പഴയ കാമ്പസിലേക്ക്‌ ഇറങ്ങിയത്‌. വൈകുന്നേരമായതിനാല്‍ കോളേജില്‍ ആളനക്കമില്ലായിരുന്നു.

കോളേജ്‌ വരാന്തയിലൂടെ ഏകനായി നടന്നു. ആ മണല്‍തരികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ ഗൃഹാതുരത്വത്തിന്റെ കഥകള്‍. നഷ്ടപ്പെടുത്തിയ പഴയകാല ചങ്ങാത്തങ്ങള്‍. റാഗിങ്ങിന്റെ കൈപറിഞ്ഞ ആദ്യനാളുകള്‍... ഓഡിറ്റോറിയത്തിലെ അന്തരീക്ഷത്തില്‍ കോളേജ്‌ ഡേയുടെ ബഹളമയം ഇന്നും തളം കെട്ടി നില്‍ക്കുന്നത്‌ പോലെ. സമയം കടന്നു പോയതറിഞ്ഞില്ല. കോളേജ്‌ ഗേറ്റ്‌ കടന്ന് റോഡരികിലെ ആ ചായകടയിലേക്ക്‌ നടന്നു. രാമേട്ടന്റെ കട. സര്‍ സയ്യിദിലെ ഓരോ ചലനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച, ഒരു കാലത്ത്‌ ഞങ്ങളുടേത്‌ മാത്രമായിരുന്ന 'ഗ്യാലറി'. ക്ലാസ്‌ മുറികളിലേക്കാല്‍ കൂടുതല്‍ സമയം ഞങ്ങല്‍ ഇവിടെ ചെലവഴിച്ചിരുന്നു. രാമേട്ടന്‍ എന്നെ തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷം തോന്നി. അയാളുടെ ഓര്‍മകള്‍ക്ക്‌ മങ്ങലേട്ടിട്ടില്ല.


എന്നും ഏകാന്തതയുടെ ഓരം ചേര്‍ന്ന് സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ രാമേട്ടന്റെ കടയിലെ തൂണും ചാരി ഇരുന്നു. മിഴികല്‍ ഇമ വെട്ടാതെ പാതയോരത്ത്‌ തന്നെ നട്ടിരിക്കുകയാണു. പുറത്തെ മഴയില്‍ മനസ്സും ശരീരവും കുളിരേകുന്നു. റോഡരികില്‍ കെട്ടി നിന്ന മഴവെള്ളത്തില്‍ മഴത്തുള്ളികള്‍ രചിക്കുന്ന നക്ഷത്രക്കൂട്ടത്തിലേക്ക്‌ കണ്ണുകള്‍ ഓടിച്ചു. അകത്ത്‌ റേഡിയോയില്‍ നിന്നും ഏതോ മലയാളസിനിമാഗാനത്തിന്റെ ഈണം മുഴങ്ങുന്നുണ്ടായിരുന്നു. തുടച്ചു നീക്കുന്തോറും കൂടുതല്‍ കൂടുതല്‍ തെളിയുന്ന ഒരു പിടി ഓര്‍മകളിലൂടെ മനസ്സ്‌ മുറിച്ച്‌ നീന്തി. തനിച്ചായതിനാല്‍ സിഗരറ്റിന്റെ പുകച്ചുരുളുകളുമായി സംസാരിച്ചു സമയം തള്ളിനീക്കുകയായിരുന്നു.

അല്‍പസമയം കഴിഞ്ഞപ്പോള്‍, ഒരു വഴിയാത്രക്കാരി മഴച്ചാറ്റലില്‍ നിന്നും രക്ഷപ്പെടാനെന്ന പോലെ രാമേട്ടന്റെ കടയുടെ ചായ്പില്‍ കയറി നിന്നു. രണ്ട്‌ വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു കൊച്ചു കുട്ടി കൂടെയുണ്ടായിരുന്നു. സാരിത്തുമ്പ്‌ കൊണ്ട്‌ ധൃതിയില്‍ കുട്ടിയുടെ തല തോര്‍ത്തുന്നതില്‍ ശ്രദ്ധിച്ചു അവള്‍.

ഒരു നിമിഷം അവള്‍ എന്നെ ശ്രദ്ധിക്കുന്നത്‌ പോലെ തോന്നി. അല്ല... എന്റെ മുഖത്ത്‌ തന്നെ ഉറ്റുനോക്കുകയായിരുന്നു അവള്‍. കുട്ടിയുടെ കൈ പിടിച്ച്‌ കടയുടെ വരാന്തയിലേക്ക്‌ അവള്‍ കയറി വന്നു.


"റോഹന്‍...." എന്റെ നേര്‍ക്ക്‌ വിരല്‍ നീട്ടി കൊണ്ട്‌ പാതിസംശയത്തോടെ പതിഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു. അപ്പോഴാണു ഞാന്‍ ആ മുഖത്തേക്ക്‌ ശ്രദ്ധിച്ചത്‌. "ചച്ചു..." എന്റെ മനസ്സ്‌ മന്ത്രിച്ചു. ആശ്ചര്യം കൊണ്ട്‌ എന്റെ മുഖം വിടര്‍ന്നു. ഓര്‍മകളുടെ കടല്‍തീരത്ത്‌ കോറിയിട്ട എണ്ണമറ്റ സൌഹൃദങ്ങല്‍. മറവിയുടെ തിരകളില്‍ അവയില്‍ പലതും മാഞ്ഞു പോയിരിക്കുന്നു. ആ തിരകള്‍ സ്പര്‍ഷിക്കാതെ സൂക്ഷിച്ച ചുരുക്കം ചില മുഖങ്ങള്‍. ഹൃദയം വല്ലാതെ തുടിച്ചു. സര്‍ സയ്യിദ്‌ കോളേജിലെ കാറ്റാടിമരങ്ങള്‍ക്കിടയില്‍ വിടര്‍ന്ന ഒരു സൌഹൃദം. പിന്നീടെപ്പോഴോ അണയാത്തൊരു ശ്രുതിലയമായി.. തിരിച്ചറിയലിന്റെ ഏതോ ചില നാളുകളില്‍ വേര്‍പാടിന്റെ ജാലകം തുറന്നു വെച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ ആത്മമിത്രത്തെ വീണ്ടും കണ്ടുമുട്ടിയപ്പോഴുള്ള വ്യത്യസ്ത വികാരങ്ങള്‍. സ്കൂള്‍ മതില്‍ക്കെട്ടുകള്‍ക്കിടയില്‍ നിന്നും കമ്പസിലേക്ക്‌ പെട്ടെന്ന് പറിച്ച്‌ നടപ്പെട്ടപ്പോള്‍ പതറിയ മനസ്സിനു ദിശാബോധം നല്‍കിക്കൊണ്ടായിരുന്നു അവളുടെ കടന്നുവരവ്‌. ആരെയും ഭയക്കാത്ത ഒരു 'തോന്നിവാസി'. ഒരു ആത്മസുഹൃത്തിനു വേണ്ടി വെമ്പിയ മനസ്സിന്റെ സാക്ഷാല്‍കാരം.

"വാ.. അകത്തിരിക്കാം." വല്ലാത്തൊരു സന്തോഷത്തോടെ അകത്തേക്ക്‌ കയറുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു. കടയ്ക്കകത്തെ ആ പഴയ ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു.

പറയാതെ തന്നെ രാമേട്ടന്‍ ചൂടുള്ള രണ്ട്‌ ചായ തന്നു. സംഭാഷണത്തിനു തുടക്കം കുറിക്കാന്‍ ബുദ്ധിമുട്ടിയില്ല. സര്‍ സയ്യിദിലെ സന്ധ്യകള്‍ ഒരുമിച്ചിരുന്ന് കണ്ടിട്ട്‌ അഞ്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നത്‌ വല്ലാത്തൊരു ഗൃാതുരത്വത്തോടെ അവള്‍ ഓര്‍ത്തു.

ഞാന്‍ അറിയാതെ ഓര്‍മകളിലെ പഴയ താളുകള്‍ മറിയാന്‍ തുടങ്ങി. അവളറിയാതെ അവള്‍ക്ക്‌ വേണ്ടി ഒരു ഹൃദയബന്ധം ഞാന്‍ സൂക്ഷിച്ചിരുന്നു. അവളേക്കാളേറെ അവളുടെ തൂലികയില്‍ നിന്നുമുതിര്‍ന്ന അക്ഷരങ്ങളെ ഞാന്‍ പ്രണയിച്ചു. കാവ്യാത്മകത നിറഞ്ഞ അവളിലെ വാക്കുകളിലൂടെയായിരുന്നു ഞാന്‍ അവളുമായി അടുത്തത്‌.

അവളിലെ നൈര്‍മല്യം....


ഏതോ ശപിക്കപ്പെട്ട നിമിഷത്തില്‍ അവളുടെ വിടര്‍ന്ന മിഴികളില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍കണം...

ഹൃദയം നിറഞ്ഞ്‌ ആസ്വദിക്കുന്നതിനു മുന്നേ അടര്‍ന്ന് വീണ സൌഹൃദത്തിന്റെ ദളങ്ങള്‍... അവയ്ക്ക്‌ മുകളിലേക്ക്‌ ഉതിര്‍ന്ന് വീണ ഹ്രസ്വവിരഹത്തിന്റെ മിഴിനീര്‍മുത്തുകള്‍.. മുറിവേറ്റ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞ രക്തകണങ്ങള്‍... കാമ്പസിന്റെ ബഹളമയങ്ങള്‍ക്കിടയില്‍ അവ ചവിട്ടിയരയ്ക്കപ്പെട്ടു. ബാഷ്പമായി മാറിയ ആ നീര്‍കണങ്ങളിലെ ഉപ്പുരസം അവള്‍ അറിഞ്ഞില്ല... എന്നിലെ ചിതറുന്ന പളുങ്കുമണികള്‍ അവള്‍ക്ക്‌ കാണാനായില്ല. ഇല്ല.. അവള്‍ക്കെന്നെയറിയാനായില്ല.

"പഴയ സൌഹൃദങ്ങള്‍ വല്ലതും ബാക്കിയുണ്ടോടോ..?" അവളുടെ വാക്കുകള്‍ ചിന്തകള്‍ക്ക്‌ ഭംഗം വരുത്തി. ആ ചോദ്യത്തിന്‍്‌ ഒരു ചിരിയില്‍ മറുപടി ഒതുക്കി.

"നിങ്ങളെയൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടെടാ.."

നിഷകളങ്കത നിറഞ്ഞ ആ വാക്കുകല്‍ കേട്ടപ്പോള്‍ മനസ്സ്‌ സ്നേഹത്തിന്റെ പേമാരിയില്‍ കുതിരുന്ന അനുഭൂതി. കുറച്ച്‌ നിമിഷങ്ങള്‍ അവളൂടെ കണ്ണുകളിലേക്ക്‌ തന്നെ നോക്കിയിരുന്നു..

"എന്നിലെ ചിലമ്പൊലികള്‍ നിനക്ക്‌ കേള്‍ക്കാനായില്ല സുഹൃത്തേ.." എന്റെ കണ്ണുകള്‍ മന്ത്രിച്ചു.വീണ്ടും ഏറെ നേരം സംസാരിച്ചിരുന്നു.

അമിതമായി ആഹ്ലാദിച്ച കാമ്പസിലെ നിമിഷങ്ങള്‍, കെമിസ്ട്രി ലാബിലെ അമളികള്‍... കോളേജ്‌ ഇലക്ഷന്‍.. പിന്നെയും മേറ്റെന്തൊക്കെയോ.! പിന്നീടെപ്പൊഴാണെന്നറിഞ്ഞില്ല, സംഭാഷണത്തിന്റെ ഗതി മാറിയത്‌. ഒരിക്കലും സംസാരിക്കരുത്‌ എന്ന് കരുതിയ, എന്നും മറക്കാനിഷ്ടപ്പെട്ടിരുന്ന ചില ഓര്‍മകള്‍ തികട്ടി വന്നു. അണ കെട്ടാന്‍ സാധിക്കാത്ത ഒരു പ്രവാഹം പോലെ, ആ ഓര്‍മകളെ കുറിച്ച്‌ സംസാരിച്ചു തുടങ്ങി.

ഇടയ്ക്ക്‌ കുറച്ച്‌ നിമിഷങ്ങളിലേക്ക്‌ കടന്ന് വന്ന കടുത്ത മൌനം. ആ മൌനം, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഏതോ ഒരു ബന്ധത്തിന്റെ പ്രതീകം പോലെ തോന്നിച്ചു.

ഓര്‍മകളെ വീണ്ടും ചികയാന്‍ ശ്രമിച്ചത്‌ അവള്‍ തന്നെയായിരുന്നു. കാമ്പസ്‌ ഇടനാഴിയിലെ ഏകാന്തതയില്‍ പരസ്പരം മന്ത്രിച്ച പരിഭവങ്ങളെ കുറിച്ചും, കാറ്റിനോടും മഴയോടും ചൊല്ലിയ അനുരാഗത്തിന്റെ കഥകളെ കുറിച്ചും, ആളൊഴിഞ്ഞ ക്ലാസ്മുറിയിലെ ചുവരുകളെ കാവല്‍ നിര്‍ത്തി ഒരു സായംസന്ധ്യയില്‍ ചുണ്ടുകളില്‍ അടര്‍ന്ന് വീണ ആദ്യമഞ്ഞുകണങ്ങളെ കുറിച്ചും....!!

"ഇന്ന് ഞാന്‍ സന്ധ്യകളെ ഭയക്കുന്നു... എന്തിനെന്നറിയാതെ." അസ്പഷ്ടമായി അവള്‍ മൊഴിഞ്ഞു. ആ ഓര്‍മകളിലെ ഹൃദയത്തില്‍ കവിള്‍ ചേര്‍ത്ത്‌ വെച്ച്‌ കൊണ്ട്‌ അവള്‍ തേങ്ങി. ആ ഹൃദയത്തിലെ രക്തയോട്ടം നിലച്ചിരിക്കുന്നു.

ഇടയ്ക്കെവിടെയോ വാക്കുകള്‍ മുറിഞ്ഞു.

കാമ്പസ്‌ ജീവിതത്തിലെ ഏതോ ഒരു ദിനത്തില്‍ അവള്‍ എഴുതുമെന്ന് പറഞ്ഞിരുന്ന ആത്മകഥയെ കുറിച്ച്‌ ഞാന്‍ ചോദിച്ചു.


"എന്റെ ഡയറി തന്നെയാണ്‍്‌ ആ ആത്മകഥ. നീയറിയുന്ന ആത്മകഥ."

ആത്മകഥയ്ക്കകത്ത്‌ മറ്റൊരു ആത്മകഥ എഴുതാനുള്ള താളുകള്‍ നീക്കിവെച്ചിട്ടില്ലെ..?"

"ഉണ്ട്‌. ജീവിതത്തില്‍ സാക്ഷാല്‍കരിക്കപ്പെടാതെ അവശേഷിച്ച ഒരു പിടി സ്വപ്നങ്ങളുടെ ആത്മാവിന്‍്‌ വേണ്ടി നീക്കി വെച്ച താളുകള്‍." പുറത്തെ മഴയില്‍ അലക്ഷ്യമായി നോക്കി കൊണ്ട്‌ അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ആ ആത്മപുസ്തകത്തിലെ പ്രണയത്തിന്റെ തുടിപ്പുകളെ കുറിച്ച്‌ ഇഷ്ടമില്ലാതെയാണെങ്കിലും ഞാന്‍ ചോദിച്ചു.

"പ്രണയം..!! ആ വാക്കിനോടെനിക്ക്‌ പുഛമാണ്‍്‌. ജിബ്രാന്റെയും, മേസിയാദയുടെയും, നെരൂദയുടെയും പുസ്തകത്താളുകള്‍ക്കിടയില്‍ മയങ്ങാന്‍ മാത്രം വിധിക്കപ്പെട്ട മയില്‍പീലിത്തുണ്ട്‌... ചലനമറ്റ തൂവലുകള്‍!"

കാമ്പസ്‌ ജീവിതത്തിനിടയില്‍ അവള്‍ പാതിയില്‍ നിര്‍ത്തിയ 'സ്വപ്നങ്ങള്‍' എന്ന നോവലിനെ കുറിച്ച്‌ അവളൊരിക്കല്‍ പറഞ്ഞിരുന്നു. 'ആ സ്വപ്നങ്ങള്‍ ചിറകുകള്‍ മുറിഞ്ഞ്‌ കിടക്കുകയാണ്‍്‌' എന്ന്. ഇന്നും അവളുടെ വാക്കുകള്‍ക്ക്‌ നഷ്ടബോധത്തിന്റെ കാഠിന്യം. അവളുടെ വാക്കുകള്‍കിടയിലെ വാക്കുകള്‍ വായിച്ചെടുക്കാന്‍ എനിക്ക്‌ സാധിച്ചു. കൂടുതലൊന്നും ചോദിച്ചില്ല.

അവള്‍ പതുക്കെ എഴുന്നേറ്റ്‌ കടയിലെ ജനാലയ്ക്കരികിലേക്ക്‌ നീങ്ങി. ജനലഴികളില്‍ കൈകള്‍ ചേര്‍ത്ത്‌ പുറത്തേയ്ക്ക്‌ നോക്കി. മുന്നില്‍ എല്ലാത്തിനും സക്ഷിയായി നിശ്ശബ്ദമായി നില്‍ക്കുന്ന സര്‍ സയ്യിദ്‌ കോളേജ്‌. കോളേജിന്‍്‌ മുന്നിലെ കാറ്റാടിമരങ്ങള്‍ മഴക്കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. ബാക്കി വെച്ച ഏതോ ഒരു കഥ തങ്ങള്‍ക്കും പൂര്‍ത്തിയാക്കാനുണ്ടെന്ന് അവ ഉരിയാടുന്നത്‌ പോലെ തോന്നിച്ചു. ഒരു നെടുവീര്‍പോടെ ആ കാഴ്ചയില്‍ നിന്നും അവള്‍ മുഖം തിരിച്ചു.

പുറത്തെ ചാറ്റല്‍ മഴയ്ക്കിടയിലൂടെ ഒരു ഇളംകാറ്റ്‌ അവിടെ വീശിയെത്തി. ഞങ്ങളുടെ ഹൃദയസ്പന്ദനം തൊട്ടറിയാനെന്ന പോലെ. അവള്‍ വീണ്ടും തല്‍സ്ഥാനത്ത്‌ വന്നിരുന്നു.

ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ അവളുടെ കുടുംബജീവിതത്തെ കുറിച്ച്‌ ചോദിച്ചു.

"ഫെയില്‍. ഇന്ന് ഇവന്‍്‌ വേണ്ടി ജീവിക്കുന്നു." അടുത്തിരിക്കുന്ന മകന്റെ മുടിയിഴകളില്‍ തലോടിക്കൊണ്ട്‌ ഒരു നെടുവീര്‍പോടെ അവള്‍ പറഞ്ഞു. അവളുടെ മറുപടി കേട്ടപ്പോള്‍ എന്റെ ചോദ്യം അനാവശ്യമായിരുന്നു എന്ന് സ്വയം തോന്നി.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ എന്റെ മുഖത്തേക്ക്‌ നോക്കികൊണ്ട്‌ ചോദിച്ചു.

"നിന്നെ ഇപ്പോഴും നഷ്ടബോധം അലട്ടുന്നുണ്ടോ?"

ഇടറിയ ശബ്ദത്തിലുള്ള അവളുടെ വാക്കുകള്‍ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. അപ്രതീക്ഷിതമായ ചോദ്യം. ആ വാക്കുകള്‍ ഒരു നിലവിളി പോലെ തോന്നിച്ചു. ഉള്‍ മനസ്സിലെവിടെയോ ഒരു കമ്പനം പോലെ. മനസ്സ്‌ പിടയ്ക്കുന്നു.... ഉത്തരം പറയാന്‍ സാധിക്കാതെ എന്റെ ചുണ്ടുകള്‍ വിറച്ചു. ഷണ്ഠീകരിക്കപ്പെട്ട ഹൃദയം നാവിനെ മരവിപ്പിച്ച നിമിഷങ്ങള്‍. എന്റെ വിറയ്ക്കുന്ന കൈവിരലുകള്‍ ചേര്‍ത്തുപിടിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

"എന്തിനാണ്‍്‌ പതറുന്നതു? നമുക്കിടയില്‍ മതങ്ങളുടെയും സാമൂഹികനീതിയുടെയും മതില്‍കെട്ടുകള്‍ ഉയര്‍ന്നു വന്നത്‌ നാം തന്നെ അറിഞ്ഞതല്ലേ.. നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആ മതില്‍കെട്ടില്‍ എറിഞ്ഞുടയ്ക്കാന്‍ നാം നിര്‍ബന്ധിതരായി. ആ മതില്‍ കെട്ടിനരികിലിരുന്നു നാം കരഞ്ഞതോര്‍ക്കുന്നില്ലേ..? ആ കണ്ണീരില്‍ കുതിര്‍ന്ന മതില്‍കെട്ടില്‍ പായല്‍ പൊടിഞ്ഞു. അപ്പോഴും അതിനരികില്‍ അന്ധവിശ്വാസങ്ങളുടെ അട്ടഹാസങ്ങല്‍ നാം കേട്ടു. ചിലര്‍ നമ്മുടെ തേങ്ങലിനെ കൌമാരത്തിന്റെ ചാപല്യങ്ങളെന്ന് വിളിച്ചു. രക്തബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ക്കിടയില്‍ വിഡ്ഡിവേഷങ്ങള്‍ കെട്ടേട്ടി വന്ന മനുഷ്യക്കോലങ്ങള്‍. നമുക്കു സ്വയം സഹതപിക്കാം."

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കാര്യങ്ങല്‍ ഗ്രഹിക്കാനാകാതെ, അമ്മയുടെ മുഖത്തേക്ക്‌ ആശ്ചര്യം നിറഞ്ഞ കണ്ണുകളുമായി ഉറ്റുനോക്കുകയാണ്‍്‌ അടുത്തിരിക്കുന്ന ആ രണ്ടു വയസ്സുകാരന്‍.

കണ്‍പീലികളില്‍ തങ്ങിനിന്ന കണ്ണുനീര്‍ എന്റെ കാഴ്ചകള്‍ക്ക്‌ മങ്ങലേല്‍പിച്ചു.

ഇരുള്‍ പരക്കാന്‍ തുടങ്ങി. വെളിച്ചം ഇരുളിന്‍്‌ വഴി മാറിക്കൊടുത്തതോ, ഇരുള്‍ വെളിച്ചത്തെ മൂടിയതോ?

"ഞാന്‍ ഇറങ്ങാം.. വീട്ടിലേക്കുള്ള വഴിയാണ്‍്‌."

"ഇനി എന്നാടോ കാണുക?"

"അറിയില്ല... കാണാന്‍ വഴിയില്ല." അവളുടെ സ്ഥിരം വാക്കുകള്‍ ഇവിടെയും ആവര്‍ത്തിച്ചു.

പുറത്തെ മഴച്ചാറ്റല്‍ തോര്‍ന്നിട്ടില്ല. പടവുകള്‍ ഇറങ്ങി മകനെ കയ്യിലെടുത്ത്‌ ചാറ്റല്‍ മഴയ്ക്കിടയിലൂടെ റോഡരികിലെ മതിലിനോട്‌ ചേര്‍ന്ന് അവള്‍ നടന്നു തുടങ്ങി.

ഏതോ ചില വാക്കുകള്‍ പറായാന്‍ മറന്നത്‌ പോലെ.

രാമേട്ടന്റെ കടയിലെ തൂണു ചാരി നില്ക്കുകയണ്‍്‌ ഞാന്‍. എന്റെ ആത്മാവിന്റെ വേദന അവള്‍ മനസ്സിലാക്കിയിരുന്നുവോ? ഈ സന്ധ്യ മയങ്ങാതിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി. ജീവിതയാത്രയില്‍ മരുഭൂമിയില്‍ കണ്ട മരീചിക മാത്രമായിരുന്നുവോ അവള്‍? മനസ്സില്‍ കിടന്നു വിങ്ങുന്ന ചില ഓര്‍മകള്‍ മിഴികോണിലൂടെ പുറത്തേയ്ക്കൊഴുകുന്നു. അവയ്ക്ക്‌ നഷ്ടബോധത്തിന്റെ ഗന്ധമുള്ളത്‌ പോലെ..

അവളെ തിരിച്ച്‌ വിളിക്കൂ എന്ന് ഉള്‍ മനസ്സിലെവിടെയോ ആരോ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആര്‍ത്തലയ്ക്കുന്നത്‌ പോലെ. ദൂരെ ഇരുളിലേക്ക്‌ അവള്‍ നടന്നു മറയുന്നത്‌ നിസ്സഹായനായി നോക്കി നിന്നു. അതോ എന്റെ കണ്ണുകളില്‍ ഇരുള്‍ പരക്കുന്നുവോ.. മോഹങ്ങളുടെ ചില്ലിക്കമ്പുകള്‍ കൊണ്ട്‌ നിര്‍മിച്ച എന്റെ ഹൃദയം ചിതറുന്നത്‌ പോലെ. ഹൃദയത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീഴുന്നു. ചിന്തകള്‍ ഭ്രാന്തമാകുന്നത്‌ പോലെ...!

"രാമേട്ടാ... ഒരു വില്‍സ്‌ എടുത്തേ.."

"എന്താടോ.. ടെന്‍ഷന്‍ ആയോ?" രാമേട്ടന്റെ വാക്കുകള്‍ മനസ്സിലെ നൊമ്പരങ്ങല്‍ വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ..

രാമേട്ടന്റെ കടയ്ക്ക്‌ പിന്നിലെ വികൃതികുട്ടികളുടേത്‌ മാത്രമായ ആ ഇരിപ്പിടത്തില്‍ കത്തുന്ന ഹൃദയവും പുകയുന്ന സിഗരറ്റുമായി ഏകനായി ഇരുന്നു. മനസ്സു നിറയെ പാതിവഴിയില്‍ പിരിഞ്ഞ ആ ഹൃദയത്തെ കുറിച്ചുള്ള ഓര്‍മകളായിരുന്നു.

ഏതോ ഒരു ശിശിരത്തില്‍ ഞാന്‍ അറിയാതെ കൊഴിഞ്ഞു വീണ ഹൃദയബന്ധത്തിന്റെ തളിരിലകള്‍.

സിഗരറ്റിന്റെ പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ ആവളുടെ ചിത്രങ്ങള്‍ കോറിയിടുന്നത്‌ പോലെ തോന്നി.

പുറത്ത്‌ ചാറ്റല്‍ മഴയ്ക്ക്‌ ശക്തി കൂടുന്നു...!!!

4 comments:

  1. ഈ ചാറ്റൽ മഴയിൽ നനയുന്നതും ...

    നനഞ്ഞ വസ്ത്രങ്ങൾടെ അസ്വൊസ്തതയും ...

    ആ നനവിൽ നിന്ന്‌ പിന്നെ ഒരു പനിയുടെ പൊള്ളലും...

    എല്ലാം കഴിഞ്ഞ്‌ കുറെ പൊള്ളുന്ന ഓർമ്മകളും...

    ReplyDelete
  2. നദീര്‍....
    നഷ്ടവസന്തങ്ങളുടെ കഥ പറയുന്ന കലാലയ ഓര്‍മ്മകള്‍.. അതിന്‌ ചാറ്റല്‍ മഴയുടെ മേമ്പൊടി...ഒരു നിമിഷം ഓര്‍മ്മകള്‍ പുറകോട്ട്‌ സഞ്ചരിച്ചു...........

    ReplyDelete
  3. നന്നായിട്ടുണ്ട്. ആശംസകൾ..

    ReplyDelete
  4. പഴയ കലാലയത്തിലേക്ക്‌ ഒരു മടക്കയാത്ര എല്ലാവരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ നല്‍കുന്നു. കഥ ഇഷ്ടമായി.

    ReplyDelete