Pages

Wednesday, March 01, 2006

പുലികളുടെ സ്വന്തം നാട്‌

'ഛെ!! പത്ത്‌ മണി കഴിഞ്ഞു..!' രാവിലെ എഴുന്നേറ്റ്‌ ക്ലോക്കിലേക്ക്‌ നോക്കി രാജീവ്‌ സ്വയം ശപിച്ചു. ഇന്നലെ ഫ്ലൈറ്റ്‌ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ തന്നെ രാത്രി 2 മണി കഴിഞ്ഞിരുന്നു. പിന്നെ, ചെക്കിംഗും എല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തി ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ കിടക്കയിലേക്ക്‌ വീണതാണ്‌.


പെട്ടെന്ന് തന്നെ കുളിച്ച്‌, ഒരു ഗ്ലാസ്‌ ചായ മാത്രം കുടിച്ച്‌ വേഗം കണ്ണൂര്‍ സ്‌റ്റേഡിയം കോംപ്ലക്‍സിനടുത്തേക്ക്‌ നടന്നു.
'എത്ര നാളായി എല്ലാത്തിനേയും ഒന്ന് കണ്ടിട്ട്‌..!! മൂന്ന് വര്‍ഷത്തെ പ്രവാസജീവിതം. അവര്‍ക്ക്‌ എന്നെ കണ്ടാല്‍ മനസ്സിലാവോ..?? ഇന്ന് ഞാറാഴ്‌ചയല്ലെ.. എല്ലാവരും അവിടെ തന്നെ കാണണം.'


'ടപ്പേയ്‌..!!' നടും പുറത്ത്‌ ഒരു അടി കിട്ടിയപ്പോഴായിരുന്നു രാജീവ്‌ ഓര്‍മകളില്‍ നിന്നുമുണര്‍ന്നതും സ്‌റ്റേഡിയം കോംപ്ലക്‍സെത്തിയത്‌ അറിഞ്ഞതും. വല്ലാത്ത അമര്‍ഷത്തോടെ അവന്‍ തിരിഞ്ഞു നോക്കി. പിന്നില്‍ തന്റെ ബാല്യകാല സുഹൃത്ത്‌ ഫാറൂഖിനെ കണ്ടപ്പോള്‍ അവന്റെ ദേഷ്യം പകുതി ഇല്ലാതായി.

'തള്ളെ.. ഇതെന്തിരി ഈ നേരത്ത്‌?? ഇതെപ്പ എത്തി..???'

രാജീവിന്‌ അമ്മയ്‌ക്ക്‌ വിളിയ്ക്കുന്നത്‌ പണ്ടെ ഇഷ്‌ടമല്ലായിരുന്നു.
'ഫാറൂഖെ.. വെറുതെ അമ്മക്ക്‌ വിളിക്കരുത്‌ പറഞ്ഞേക്കാം..'

'ഇതെന്തിരി പറേണെടെയ്‌..! പോട്ടെ. ചീള്‌ കേസ്‌കള്‌. പിന്നെന്തിരി വിശേഷങ്ങള്‌..??'

രാജീവിനൊന്നും മനസ്സിലായില്ല. ഫാറൂഖിനിതെന്ത്‌ പറ്റി? കണ്ണൂരില്‍ താനിത്‌ വരെ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ ആണ്‌ അവന്‍ പറയുന്നത്‌.

'അണ്ണാ.. ഇതെപ്പളെത്തി?' പെട്ടെന്നുള്ള ശബ്‌ദം കേട്ട്‌ രാജീവ്‌ തിരിഞ്ഞു നോക്കി. ശ്രീശന്‍. തന്റെ ആത്മസുഹൃത്ത്‌.

'നീ വീീീമാനയാത്രയൊക്കെ കഴിഞ്ഞ്‌ എപ്പളെത്തി ചെല്ലേ..? സുഖങ്ങളൊക്കെ തന്ന്യേല്ലേ..?'

'സുഖം..!' ശ്രീശന്റെ സംസാരശൈലി കണ്ട്‌ പകച്ച്‌ നിന്ന രാജീവില്‍ നിന്നും വാക്കുകള്‍ വന്നത്‌ യാന്ത്രികമായിരുന്നു.

'തള്ളെ.. ലവനെ സൂക്ഷിക്കണം. ലവന്‍ പുലിയാണ്‌ കെട്ടാ..!' ഫാറൂഖിനെ ഇടം കണ്ണിട്ട്‌ നോക്കിക്കൊണ്ട്‌ ശ്രീശന്‍ പറഞ്ഞു.

'ലവന്‍ പുലിയായിരിക്കും. പഷെ, ശ്രീശന്‍ വെറും പുലിയല്ല കെട്ടാ.. അവനൊരു സിംഗമാണ്‌.. സിംഗം!!'
നാലാമത്തെ ശബ്‌ദത്തിന്റെ ഉടമസ്‌ഥനെ അവര്‍ തിരഞ്ഞു. അഗസ്‌റ്റിന്‍. അവരുടെ ഗ്യാംഗിലെ മറ്റൊരുത്തന്‍.

'എല്ലാരുണ്ടല്ലോ അഫിമുഗ സംഫാഷണത്തിന്‌. കാര്യെന്തിരി? അണ്ണാ.. നീ അങ്ങട്‌ തടിച്ച്വൊല്ലൊ. നീ പുലിയാണ്‌ കെട്ടാ..!!' രാജീവിന്റെ തോളത്ത്‌ തട്ടിക്കോണ്ട്‌ അഗസ്‌റ്റിന്‍ പറഞ്ഞു. അപ്പോഴും രാജീവ്‌ തനിക്കേറ്റ ആഘാതത്തില്‍ നിന്നും മോചിതനായിട്ടില്ലായിരുന്നു.

'അണ്ണാ..ഒരു അഞ്ച്‌ രൂപ ഇങ്ങട്‌ എടുത്തേ..!' തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അഗസ്‌റ്റിന്റെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനുജന്‍. കൂടെ മൂന്നാല്‌ പിള്ളാരുമുണ്ട്‌.

'ഇവരൊക്കെ ആര്‌, എന്തിരി, എങ്ങനെ..?' അഗസ്‌റ്റിന്‍ ചോദിച്ചു.

'എന്റെ ക്രികറ്റ്‌ ടീമിലുള്ളതാ. ഏട്ടന്‍ നിരുവിച്ചാല്‍ ഒരു സംഫാവന തരാല്ലോ..'

'എന്തിരി സംഫാവന..? പോയ്യ്യേ... പോയ്യ്യേ...!!' അഗസ്‌റ്റിന്‍ ശബ്‌ദമുയര്‍ത്തി.

'ഏട്ടന്‍ പുലിയായിരുന്നല്ലേ..' പിള്ളേര്‌ ഓടുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു.

'തള്ളേ.. കലിപ്പ്‌ തീരുന്നില്ലല്ലെടെയ്‌..' അതും പറഞ്ഞ്‌ അഗസ്‌റ്റിന്‍ രാജീവിന്റെ പുറത്തൊന്നു കൊടുത്തതും ഒരുമിച്ചായിരുന്നു.

രാവീവപ്പോഴും പന്തം കണ്ട പെരുച്ചാഴിയെ പോലെ പകച്ചു നില്‍ക്കുകയായിരുന്നു. അവന്‍ അടുത്തുള്ള മരുന്ന് കടയുടെ പേര്‌ നോക്കി. 'ത്രിവേണി മെഡിക്കല്‍സ്‌, കണ്ണൂര്‍'

'ഹൊ !! ഇത്‌ കണ്ണൂര്‍ തന്നെ.' രാജീവ്‌ നെഞ്ചത്ത്‌ കൈ വെച്ച്‌ സമാധാനിച്ചു.

പെട്ടെന്നായിരുന്നു അവന്‍ സണ്ണി മാഷെ കണ്ടത്‌. നാട്ടിലെ വലിയ സാമൂഹിക പ്രവര്‍ത്തകനും ഭാഷാ സാഹിത്യപ്രേമിയൊക്കെയാണയാള്‍. രാജീവ്‌ സമയം വൈകിക്കാതെ മാഷുടെ അടുത്തേക്ക്‌ നടന്നു.
സുഖവിവരങ്ങള്‍ക്ക്‌ ശേഷം രാജീവ്‌ മാഷോട്‌ പരിഭവം പറഞ്ഞു.

'എന്തൊക്കെയാ മാഷെ ഈ കേള്‍ക്കുന്നേ? എല്ലാരും ഏതോ തരം, ഇത്‌ വരെ കേട്ടിട്ടില്ലാത്ത ശെയിലിയിലാണ്‌ സംസാരിക്കുന്നത്‌.? നമ്മുടെ തനത്‌ ഭാഷ അന്യം നില്‍ക്കുമോ എന്നൊരു പേടി..!'

'നീ എന്തിരി പറേണ്‌ രജീവാ.. ലവന്മാരൊക്കെ പുലികളാണെടെയ്‌..'

രാജീവിന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നുപോയി.

'മാഷേ.. മാഷും..!!??'

'ഫാഷയൊക്കെ നോക്കേണ്ട കാര്യെന്തിരി തള്ളേ..?ചീള്‌ കേസ്‌കള്‌. അതൊക്കെ പോട്ടെ..!! അച്ചനോട്‌ എന്റെ അന്വേഷണം പറഞ്ഞേര്‌. നീ ഇപ്പ പോണാ.. അതാ എന്റെ കൂടെ വീട്ടിലേക്ക്‌ വരണാ..??'

'ഇല്ല.. പിന്നെ കാണാം' രാജീവ്‌ പിന്നെ ഒരു നിമിഷം പോലും അവിടെ നിന്നില്ല. ധൃതിയില്‍ വീട്ടിലേക്ക്‌ തിരിച്ചു. നടക്കുമ്പോള്‍ തന്റെ പിന്നിലും മുന്നിലും ഇടത്തും വലത്തും എന്തൊക്കെയോ ശബ്‌ദങ്ങള്‍ അലയടിക്കുന്നത്‌ രാജീവ്‌ അറിഞ്ഞു.

'തള്ളേ കൊള്ളാം.. കലക്കി.'

'എന്തിരി ഡായ്‌.. ഞാന്‍ പുലിയാണ്‌ മറക്കേണ്ട..!'

'പഷെങ്കില്‌, ഇങ്ങട്‌ വരേണ്ട കാര്യെന്തിരി ചെല്ലേ..??'

'ലവന്‍ പുലിയാണ്‌ കെട്ട..!!'

രാജീവ്‌ ഒന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. എപ്പോഴാണ്‌ വീട്ടിലെത്തിയതെന്ന് കൃത്യമായോര്‍ക്കുന്നില്ല.

'എല്ലാവരേയും കണ്ടോടാ..?' ഉമ്മറത്തിരിക്കുന്ന അച്ചന്‌ ഒരു ഗ്ലാസ്‌ വെള്ളവുമായി വന്ന അമ്മ രാജീവിനോട്‌ ചോദിച്ചു.

'എന്തിരി പറേണ്‌ തള്ളെ.. കണ്ണൂര്‍ മൊത്തം പുലികളാ..'

പകച്ചു പോയ അമ്മയുടെ കയ്യില്‍ നിന്നും വീണത്‌ സ്‌റ്റീല്‍ ഗ്ലാസയതിനാല്‍, ആ ഗ്ലാസ്‌ പൊട്ടാതെ രക്ഷപ്പെട്ടു.

കടപ്പാട്‌: വിശാലമനസ്‌കന്റെ കമാന്റിനോട്‌

7 comments:

 1. രാജീവുമാണിക്കന് കണ്ണൂരു സ്ലാങിലു ഒരു പടം പിടിച്ചു പ്രശ്നം ഒത്തു തീർപ്പാക്കാമായിരുന്നു ഡ്രിസിലെ..
  എങ്കിലു പുള്ളകളേം തള്ളകളേം മ്മക്ക് “ചൊറയാക്കാര്‍ന്നീനി“

  ReplyDelete
 2. ഒരു ഫോറ്വേഡു വഴി കിട്ടിയതു

  Widows Xp launched as തള്ളേ ജനാലകള് XP'


  some commands

  •save:-രഷീരെടേയ് അപ്പി
  •save as:- ലങ്ങനെ രഷീരെടേയ് അപ്പി
  •save all- അപ്പി ടേയ് എല്ലാരേം രഷീരെടേയ്
  •paste- യെടുത്തു ചാമ്പടേയ്
  •run- ഓടി തള്ളടേയ് മച്ചു
  •cut- പിറുത്തു കളേടേയ് മച്ചു
  •search- തപ്പി വിടടേയ് മച്ചു
  •exit- എറങ്ങി പോടേയ് പയലെ
  •open- ത്വറക്കെടേയ് അപ്പി
  •shutdown- അപ്പോ മച്ചു കാണണം കേട്ടാ..
  •system busy- തള്ളേ.. കലിപ്പുകളു തീരണില്ലല്ല്,,
  •systemerror-യെവന്‍ പുലിയാണു കേട്ടാ...

  ReplyDelete
 3. dear.. pls forward the mail to mazha82@gmail.com .. oru kali kalikkatte.. :))

  ReplyDelete
 4. രായമാണിക്ക്യം പുലി തന്നെ..!

  ReplyDelete
 5. സാറു പുലിയായിരുന്നല്ലേ?

  ReplyDelete
 6. ഓ.. ഈ പോസ്റ്റുകളു കാണാന്‍ വൈകിപ്പോയേ.

  ReplyDelete