Pages

Monday, February 20, 2006

കൊള്ളിമിട്ടായി

കൊള്ളിമിട്ടായി

'എവ്‌ടേക്യാ കുട്ട്യേ ഈ ഓട്‌ണേ.. അവിടെ നിക്കാനല്ലെ പറഞ്ഞത്‌..'
ഞാന്‍ വിളിച്ച്‌ കൂവുന്നത്‌ ചിന്നുമോന്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു.
'നിന്റെ കുസൃതി ഇത്തിരി കൂട്‌ണ്‌ണ്ട്‌.'
അവന്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ വീണ്ടും ഓടുകയാണ്‌. വയല്‍ വരമ്പിലേക്ക്‌ താഴ്‌ന്ന് നില്‍ക്കുന്ന പുല്‍നാമ്പുകളില്‍ മഴത്തുള്ളികള്‍ കോര്‍ത്തിണക്കിയ മുത്തുമാല തട്ടിത്തെറിപ്പിച്ച്‌ ചിന്നുമോന്‍ ചിരിച്ചുകൊണ്ട്‌ ഓടി.
വീട്ടിലെത്തി എന്റെ മടിയിലിരുന്ന് എന്റെ മുഖത്തേക്ക്‌ തന്നെ നോക്കി ഭക്ഷണം കഴിക്കുമ്പോഴും അവന്‍ ചിരിക്കുകയായിരുന്നു.

കാലത്തിന്റെ ഇതളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു. അച്ഛമ്മയോടും അപ്പൂപ്പനോടും കൈനീട്ടം വാങ്ങി, പുത്തനുടുപ്പ്‌ ധരിച്ച്‌ അച്ഛന്റെ കൈ പിടിച്ച്‌ പാടവരമ്പത്തൂടെ വിദ്യാരംഭം കുറിക്കാന്‍ നടന്നപ്പോഴും അവന്‍ ചിരിച്ചു.
'രേവതീ.. സമായമായി. ഇറങ്ങാം.' പിന്നില്‍ ഭര്‍ത്താവിന്റെ ശബ്‌ദം കേട്ടാണ്‌ രേവതി ഓര്‍മകളില്‍ നിന്നുമുണര്‍ന്നത്‌. ഒരു നെടുവീര്‍പ്പിനു ശേഷം അവള്‍ അനിലേട്ടനോടൊപ്പം നടന്നു.
'കാലചക്രത്തിന്റെ വേഗത മനസ്സിലാക്കാന്‍ ഞാന്‍ വൈകിയിരുന്നുവോ..??' ചിന്നുമോന്‌ ഇന്ന് 28 തികയുന്നു. അവന്‍ ജയിലിലായിട്ട്‌ ഒമ്പത്‌ വര്‍ഷം കഴിഞ്ഞു. ജയിലിലെത്തിയിട്ട്‌ അവനോട്‌ പലതും പറയാനുണ്ട്‌'. നടക്കുന്നതിനിടയില്‍ രേവതി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്നു.
'എന്താ ജാന്‍സീ ഇത്‌.. എത്ര നേരമായി ഒന്ന് കടയില്‍ പോകാന്‍ പറഞ്ഞിട്ട്‌..!' പുസ്‌തകം തട്ടിപ്പറിച്ച്‌ കൊണ്ടുള്ള അമ്മയുടെ വിളി കേട്ടപ്പോള്‍ ജാന്‍സിക്ക്‌ വല്ലാത്ത അമര്‍ഷം തോന്നി.
'ഛെ.. നല്ല നോവലായിരുന്നു. ഇനി എന്തൊക്കെയാണാവോ രേവതി ചിന്നുമോനോട്‌ പറയാന്‍ പോകുന്നത്‌.' പിറുപിറുത്ത്‌ കൊണ്ട്‌ അവള്‍ തുകല്‍സഞ്ചിയുമെടുത്ത്‌ ഗേറ്റ്‌ കടന്ന് റോഡരികിലൂടെ കടയിലേക്ക്‌ നടന്നു.
പെട്ടെന്നായിരുന്നു അവളത്‌ കണ്ടത്‌. ആ കാഴ്‌ച അവളുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാനായില്ല.
'ആ കാഴ്‌ച എങ്ങനെ വാക്കുകള്‍ കൊണ്ട്‌ വിവരിക്കും..??' ലാല്‍ കഥ പകുതിയ്‌ക്ക്‌ നിര്‍ത്തി പേന താഴെ വെച്ച്‌ കൈകള്‍ പിറകില്‍ കെട്ടി ആ മുറിയിലൂടെ അലക്ഷ്യമായി ഉലാത്താന്‍ തുടങ്ങി. തുറന്നിട്ട ജനലഴികളിലൂടെ കടന്ന് വന്ന ഉച്ചവെയിലില്‍ മുറിയിലെ 60 വോള്‍ട്‌ ബള്‍ബിന്റെ പ്രകാശം മങ്ങിയിരുന്നു. വാക്കുകള്‍ കിട്ടാതെ പതറുന്ന ഒരു കഥാകാരന്റെ ഭാവങ്ങള്‍ അയാളുടെ മുഖത്ത്‌ മിന്നിമറഞ്ഞു.
'കട്ട്‌..!! എന്തായിത്‌ ലാല്‍.. ഭാവങ്ങള്‍ കുറച്ച്‌ കൂടി ഭംഗിയാവട്ടെ.' സംവിധായകന്റെ ശബ്‌ദം കേട്ട്‌ ലാല്‍ അഭിനയം നിര്‍ത്തി.
'ഒരു കഥാകാരന്റെ റോള്‍ ഇത്രയൊക്കെയേ എനിക്ക്‌ ചെയ്യാന്‍ പറ്റൂ..'
ലാലിന്റെ വാക്കുകള്‍ കേട്ട്‌ സംവിധായകന്‌ കലി കയറി.
'പറ്റില്ലെങ്കില്‍ മതിയാക്കി വീട്ടിലിരിക്കേടോ..'
'ആരോടാടാ നീ ഈ വെല്ലുവിളിക്കണേ..?? എഴുന്നേറ്റ്‌ ജോലിക്ക്‌ പോകാന്‍ നോക്കെടാ ഹംകേ..' ബാപ്പയുടെ ശകാരം കേട്ടാണ്‌ ഷരീഫ്‌ ഉറക്കത്തില്‍ നിന്നുണര്‍ന്നത്‌.
'ഒരു സംവിധായകനാകാനുള്ള മോഹം സ്വപ്‌നത്തിലൂടെയെങ്കിലും സഫലമാകുമ്പോഴാ ഒരു ജോലി..!!' ബാപ്പയെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ അവന്‍ ബ്രഷെടുത്ത്‌ നടന്നു.
'ഇതെന്തൂട്ര് കഥ !!?? കോപ്‌..!!'
കടല പൊതിഞ്ഞ്‌ കിട്ടിയ ആ കടലാസ്‌ തുണ്ടിലെ കഥ മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ, അടുത്ത്‌ കിടക്കുന്ന ചെളിക്കുണ്ടിലേക്ക്‌ ആ കടലാസ്‌ വലിച്ചെറിഞ്ഞ്‌ കൊണ്ട്‌ രമേഷന്‍ പ്രാകി. കുറച്ച്‌ നേരം അവിടെ കണ്ട ഒരു പോക്രാച്ചി തവളയെ കല്ലെറിഞ്ഞ്‌ രസിച്ചതിന്‌ ശേഷം, വള്ളി ട്രൌസര്‍ ഒന്നുകൂടി മുറുക്കിക്കെട്ടി കൊടുങ്ങല്ലൂരിലെ ആ ഇടവഴിയിലൂടെ അവന്‍ വീട്ടിലേക്ക്‌ ഓടി.

17 comments:

  1. brilliant!!! ഇത്രക്കും ഒറിജിനല്‍ ആയി എന്തെങ്കിലും വായിച്ചിട്ടു കാലം കുറേയായി. absolutely brilliant. ഇടിവെട്ടായിട്ടുണ്ട്

    ReplyDelete
  2. ഡ്രിസ്സിലേ..
    എന്തൊരു മാജിക്!!..

    ReplyDelete
  3. ഡ്രിസിലേ, ഒരു വെടിക്കുള്ള മരുന്നൊക്കെ കയ്യില്‍ ഉണ്ടായിരുന്നല്ലേ. കലക്കിയിട്ടുണ്ട് പോസ്റ്റ്. എവിടെ തുടങ്ങി, എവിടെ അവസാനിച്ചു. നീ പുലിയാണു കേട്ടാ

    ReplyDelete
  4. ഉഗ്രന്‍!!!!!!!
    brilliant!

    ഡ്രിസ്സിലേ, എന്റെ വിനീതമായ നമസ്കാരം.

    ReplyDelete
  5. ഡ്രിസ്സിലെ,
    ആകെ തലയ്ക്ക് അടിയേറ്റ പോലെയയി.
    രേവതി, ലാല്‍, രമേഷ്.. ഒരു ചെമ്പരത്തിപ്പൂവു കിട്ട്വോ. ;)
    തകര്‍പ്പന്‍ പോസ്റ്റ്.

    ReplyDelete
  6. മരപ്പട്ടീ.. (തെറി വിളിച്ചതല്ല ട്ടോ..), നന്‍ട്രി.. ഇവിടെ വന്ന് കമന്റിയതിന്‌!! ശ്രിജീ.. കുറെ പുലികളുടെ ഇടയില്‍ ഒരു നെരിയെങ്കിലുമാകെണ്ടെടെയ്‌..(രാജമാണിക്യം വില്ലന്‍ സ്റ്റെയില്‍..). അരവിന്ദ്‌.. ഒരു നമസ്‌കാരം അങ്ങോട്ടും ഉണ്ടെയ്‌..!! ഇബ്രുവെയ്‌.. സത്യത്തില്‍ മനസ്സിലുണ്ടായിരുന്ന ഒരു കഥ എഴുതാനായിരുന്നു പ്ലാന്‍. രണ്ട്‌ വരി എഴുതികഴിഞ്ഞപ്പോള്‍ പിന്നെ വാക്കുകളൊന്നും കിട്ടുന്നില്ല. വായനാശീലമില്ലാത്ത എനിക്കെന്ത്‌ എഴുത്ത്‌ വന്നിരിക്‌ക്‍ണ്‌..!! പിന്നെ മനസ്സില്‍ കിട്ടിയതൊക്കെ എടുത്ത്‌ കാച്ചി. ശ്രീജി പറഞ്ഞത്‌ പോലെ, എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്ന് എനിക്ക്‌ തന്നെ അറിയില്ല മാഷെ.! നിര്‍ത്താന്‍ പറ്റുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു രമേഷനോട്‌ വള്ളിട്രസറും മുറുക്കിക്കെട്ടി ഓടാന്‍ പറഞ്ഞത്‌. സാക്ഷി.. ഒരു ചെമ്പരത്തിപ്പൂ ഇതിന്റെ കൂടെ അറ്റാച്ച്‌ ചെയ്യണമെന്ന് കരുതിയതാ.. കിട്ടിയില്ല..!! ചിലപ്പോള്‍ തുളസിയുടെ അടുത്ത്‌ ഉണ്ടാകാന്‍ ചാന്‍സ്‌ ഉണ്ട്‌.

    ReplyDelete
  7. ഡ്രിസിലെ,
    (കിംഗിലെ മുരളി സ്റ്റയിലിൽ..)
    "Are. Wah... wah .....
    What a bombastic explosion!
    Such a terrific performamance.....
    ...............
    You have scored! Scored like a hell!"

    ReplyDelete
  8. ഡ്രിസിലേ, നീ ആള് മോസക്കാരനല്ലല്ലോ?
    അടിപൊളി!

    ReplyDelete
  9. ഹ ഹ .കഥചങ്ങല രസായിട്ടുണ്ട്.ഇതിന് കൊള്ളിമിട്ടായി എന്ന് പേരിട്ടത്...?

    ReplyDelete
  10. ഡ്രിസിലേ,

    കലക്കന്‍ കഥ! മരപ്പട്ടി പറഞ്ഞതുപോലെ (അല്ലാ, "ഈനാംപേച്ചി" എന്ന പേര്‍ ആരും എടുക്കുന്നില്ലിയോ?) വളരെക്കാലത്തിനു ശേഷം മൌലികതയുള്ള ഒരു കഥ വായിച്ചു.

    വല്ലപ്പോഴും എഴുതിയാല്‍ മതി. പക്ഷേ, ഇതുപോലുള്ളതു വേണം എഴുതാന്‍.

    - ഉമേഷ്‌

    ReplyDelete
  11. സൂഫി. -:)
    കലേഷ്‌.. -:))
    ഉമേഷ്‌... -:)))
    രേഷ്‌മ.. പേരെവിടെ നിന്നു കിട്ടി എന്ന് ചോദിച്ചാല്‍...!! ഒരു പേരിനു വേണ്ടി തല ചൊറിയുമ്പോഴായിരുന്നു ഒരുത്തന്‍ ഒരു കൊള്ളിമിട്ടായി തിന്നുന്നത്‌ കണ്ടത്‌. ഇട്ടു പേര്‌. 'കൊള്ളിമിട്ടായി'. കൊള്ളിമിട്ടായി എന്തറിഞ്ഞു കഥ..! -:)

    ReplyDelete
  12. zoom എന്ന തലക്കെട്ടില്‍ ഒരു മെയില്‍ വന്നതോര്‍ക്കുനു. കുറേ പടങ്ങള്‍. ആദ്യം ഒരു കോഴി.
    പിന്നെ കോഴി ഒരു ചിത്രത്തില്‍.
    പിന്നെ ചിത്രമുള്ള പുസ്തകം വായിക്കുന്ന പയ്യന്‍, അവനിരിക്കുന്ന ദ്വീപു്‌, ദ്വീപിന്റെ പരസ്യചിത്രമുള്ള ഒരു ബസ്സു്‌ അങ്ങനെ അങ്ങനെ..

    ആ ഒരു എഫെക്റ്റുണ്ടു ഡ്രിസിലേ ഈ കഥയ്ക്കു്‌.

    ReplyDelete
  13. ആ ഒരു എഫ്ഫെക്‍ട്‌ തന്നെയാണ്‌ സിദ്ധാര്‍ത്ഥാ ഈ കഥയുടെ ബീജം. ഒന്നും ഞാനായിട്ടുണ്ടാക്കിയതല്ല.. ഓരോന്ന് കാണുമ്പോള്‍ ഓരോന്ന് തോന്നുന്നു.. അതൊക്കെ ബ്ലോഗിലിടുന്നു..
    ഈ ബ്ലോഗന്മാരുടേയും ഡാഫൊഡില്‍സിനേയും പോലെയുള്ള സൌഹൃദങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രവാസിയുടെ മനസ്സ്‌ എന്നേ മരവിച്ചിട്ടുണ്ടാകുമെന്നറിയോ.. നാടിനെ കുറിച്ചുള്ള നഷ്‌ടബോധം ഒരു പരിധി വരെയെങ്കിലും അലിഞ്ഞില്ലാതാകുന്നത്‌, ഈ ബ്ലോഗ്‌ സൌഹൃദത്തില്‍ ഒന്ന് നനയുമ്പോഴാണ്‌. ഇവിടെ വന്ന് കമന്റിയതിന്‌ നന്‍ട്രി സിദ്ധാരത്ഥാ..
    ഞങ്ങളുടെ കമ്പനിയില്‍ ഒരു ഓഡിറ്റര്‍ സിദ്ധാര്‍ത്ഥനുണ്ട്‌.. അവന്‍ കൊല്‍കത്തക്കാരനാ... -:)

    ReplyDelete
  14. ഡ്രിസിലെ നന്നായീട്ടൊ. ഞാൻ ഒക്കെ വായിക്കറുണ്ട്. സമയ കുറവു കാരണം മിണ്ടാതിരിക്കുന്നതാട്ടോ. ഈ കഥ വായിച്ചപ്പോ, ഏറണാകുളം ജങ്ക്ഷൻ പ്ലാറ്റ് ഫോമിലു നിക്കുമ്പോ, കുറെ ബോഗികൾ ഉള്ള KK Express എന്റെ മുമ്പിലൂടെ ചീറി പാഞു പോകുന്നതു പോലെ തോന്നി. ചുക് ചുക് ചുക്... കൂ‍ൂ... കൂ... ചുക് ചുക് ചുക്.

    സാക്ഷീടെ കയ്യിലു ചെമ്പരത്തീ പൂ കാണേണ്ടതാണല്ലോ?

    ReplyDelete
  15. ഡ്രിസിലേ,

    60 വോള്‍ട് ബള്‍ബു കത്തില്ല. 60 വാട്ടായിരിക്കും, അല്ലേ?

    :-)

    ReplyDelete
  16. 916 ഹാള്‍ മാര്‍ക്ക്ഡ് തങ്കമ്മ കഥ.
    ഞാനിത് മിസ്സായി പോയേനേ‍!!

    ReplyDelete
  17. തകര്‍പ്പന്‍ പോസ്റ്റ്! ഡ്രിസില്‍ നന്നായി.
    ഞാനും ഇതു മിസ് ചെയ്തേനെ.
    ദേവരാഗം, എന്റെ നന്ദിരാഗം.

    ReplyDelete