ഓര്‍മ്മ വന്നപ്പോള്‍, പെട്ടെന്ന് എഴുതിയെടുത്തത്.
ചുറ്റും ആരൊക്കെയോ ഇരിക്കുന്നുണ്ട്. തൊട്ടടുത്തിരിക്കുന്ന വട്ടക്കണ്ണടയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, ഇതൊരു ബു.ജിയാണെന്ന്. എല്ലാവരുടെയും കൈയില്‍ പേനയുണ്ട്. മുന്നില്‍ ചാരിത്ര്യം നഷ്‌ടപ്പെട്ടിട്ടില്ലാത്ത വെള്ളക്കടലാസുകള്‍. ചിലര്‍ പേന വിരലുകള്‍ക്കിടയില്‍ വെച്ച് കറക്കുന്നു. ചിലര്‍ ഡസ്‌കിനു മുകളില്‍ പേന ഒരു പോസ്‌റ്റ് പോലെ വെച്ച്, കണ്ണുകള്‍ കൊണ്ട് മട്ടത്രികോണം വരക്കുന്നു. എല്ലാ നയനങ്ങളിലും അപരിചിതത്വം തുളുമ്പി നിന്നിരുന്നു. ആരും ഒന്നും തന്നെ സംസാരിച്ചില്ല. നിശ്ശബ്‌ദത തളം കെട്ടി നിന്ന ആ ക്ലാസ് മുറിക്കകത്തുണ്ടായിരുന്നവരുടെ ഹൃദയങ്ങള്‍ ശബ്‌ദമുഖരിതമായിരുന്നു. മനസംഘര്‍ഷത്തിന്റേയും ആംകാംക്ഷയുടെയും ബഹളമയം.
പെട്ടെന്ന്, പൈജാമ ധരിച്ച ഒരു ഊശാന്താടിക്കാരന്‍ കടന്നു വന്നു. ഒരക്ഷരം പോലും ഉരിയാടാതെ അയാള്‍ അവിടെയുണ്ടായിരുന്ന കറുത്ത ബോഡില്‍ വെള്ള നിറത്തിലുള്ള അക്ഷരങ്ങള്‍ അടുക്കി വെച്ചു.
'വിഷയം : ആരാണ് വാതിലില്‍ മുട്ടുന്നത്.. ഈ അസമയത്ത്? സമയം : 2 മണിക്കൂര്‍'
ചിലര്‍ വളരെ പെട്ടെന്ന് തന്നെ പേനയെടുത്ത് എഴുത്ത് തുടങ്ങി. ചിലര്‍ ചിന്തകളുടെ പിന്നാലെ നടന്നു. മറ്റു ചിലര്‍ തങ്ങളുടെ പേനയിലേക്ക് തന്നെ ഉറ്റു നോക്കിയിരിക്കുന്നു. എപ്പോഴാണ് പേനത്തുമ്പില്‍ നിന്നും കഥകള്‍ പെയ്‌തിറങ്ങുന്നതെന്നറിയാനെന്ന പോലെ..!!
എന്റെ ദൃഷ്‌ടി മാത്രം ആ കറുത്ത ബോര്‍ഡിലെ വാക്കുകള്‍ക്കിടയില്‍ കുരുങ്ങി കിടക്കുകയയിരുന്നു. ആ അക്ഷരങ്ങല്‍ എന്നെ നോക്കി ഇളിക്കുന്നത് പോലെ തോന്നി. ജീവിതത്തിലാദ്യമായി പങ്കെടുക്കുന്ന കഥാരചനാ മല്‍സരം. ഇന്റര്‍ കോളേജ് കലോല്‍സവത്തിലേക്ക്, കോളെജിലെ 2600 വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് വന്ന 'കഥാകാരന്‍'. മത്സരദിവസം കാലു മാറിയ, യഥാര്‍ത്ഥത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന രജീഷിന്റെ പേരില്‍, ലോകത്തിലെ സകല മൃഗങ്ങളെയും ചേര്‍ത്ത് ഹോമം കഴിക്കുകയായിരുന്നു എന്റെ മനസ്സ്.
പെട്ടെന്ന്, ശശിമാഷിന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു.
'കഥാരചനാ മത്സരത്തില്‍ ആദ്യത്തെ ഒന്നേകാല്‍ മണിക്കൂര്‍ നമ്മള്‍ ആലോചനയ്ക്ക് വേണ്ടി ചെലവിടണം. പിന്നീടുള്ള മുക്കാല്‍ മണിക്കൂര്‍ എഴുതണം.'
ഞാന്‍ അലോചിക്കാന്‍ തുടങ്ങി. 'ആരാണ് വാതിലില്‍ മുട്ടുന്നത്.. ഈ അസമയത്ത്?' എത്ര ആലോചിച്ചിട്ടും ഒന്നും വന്നില്ല. ഏറെ നേരം പ്രര്‍ത്ഥിച്ചു. 'കഥേ വാ.. കഥേ വാ...' എവിടെ വരാന്‍..!!
ഞാന്‍ മെല്ലെ കഴുത്ത് ചെരിച്ച് അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കടലാസിലേക്ക് നോക്കി. അവളുടെ കഥയുടെ ശീര്‍ഷകം മാത്രമേ കണ്ടുള്ളൂ. 'ജാലകക്കാഴ്ചകള്‍' ഞാന്‍ മനസ്സില്‍ ചിരിച്ചു. 'പൊട്ടത്തി... ബോര്‍ഡിലെഴുതിയ വിഷയം കണ്ടിട്ടില്ലെന്ന് തോന്നുന്നു..!!' ഞാന്‍ വീണ്ടും ഏന്തി വലിഞ്ഞ് നോക്കി. ഞാന്‍ കോപി അടിക്കുന്നത് പേടിച്ചിട്ടെന്ന പോലെ, ആ പെണ്‍കുട്ടി കുറച്ച് മാറി ഇരുന്നു. അവസാനപ്രതീക്ഷയും പോയി.
എന്റെ മനസ്സിലെ 'കഥ' വിയര്‍പ്പുതുള്ളികളായി കടലാസിലേക്ക് ഉതിര്‍ന്നു. മുഖം അങ്ങോട്ടുമിങ്ങോട്ടും ചെരിച്ച്, വിയര്‍പ്പുതുള്ളികള്‍ കുപ്പായക്കൈകളില്‍ ഒപ്പിയെടുത്തു.
ഞാന്‍ വാച്ച് നോക്കി. ഒന്നേകാല്‍ മണിക്കൂര്‍ കഴിയുന്നു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ഒന്നേകാല്‍ മണിക്കൂര്‍ ആലോചിച്ചിട്ടും വരാത്ത കഥയുണ്ടൊ ലോകത്ത്? ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞു.
മസ്‌തിഷ്‌കത്തിനകത്ത് നിന്നും ആരൊക്കെയോ വിളിച്ചു കൂവാന്‍ തുടങ്ങി.
'എഴുതാന്‍ തുടങ്ങൂ.. എഴുതാന്‍ തുടങ്ങൂ..'
ആദ്യമായി 50 മീറ്റര്‍ ഓട്ടമല്‍സരത്തിനു പങ്കെടുക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലെ ഞാന്‍ പകച്ചു നിന്നു. ക്ലാസ്മുറിയിലെ പേനകള്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു. ബ്ലാക്ക് ബോര്‍ഡിലെ അക്ഷരങ്ങല്‍ എന്നെ നോക്കി അട്ടഹസിച്ചു...! അന്തരീക്ഷത്തിലെ ഭീകരാവസ്ഥ കണ്ട്, എന്റെ ചിന്തകളും ആലോചനകളും ഓടിയൊളിച്ചു.
'ഇനി ഇരുപത് മിനുറ്റ് ബാകിയുണ്ട്.' സമയം എന്റെ തലക്കൊന്ന് മേടി. ഒന്നരമണിക്കൂറായി എന്റെ രജിസ്റ്റര്‍ നമ്പര്‍ മാത്രം പേറി, എന്റെ മുന്നിലിരിക്കുന്ന ആ വെള്ളക്കടലാസ് എന്നെ സഹതാപ പൂര്‍വ്വം നോക്കി.
ഇനിയും എഴുതാതിരുന്നാല്‍...!!' ദുരഭിമാനം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി.
പെട്ടെന്ന്... വളരെ പെട്ടെന്ന്... എന്റെ പേന ആ വെള്ളക്കടലാസിന്റെ നഗ്‌നമേനിയിലേക്ക് ചാടി വീണൂ. അത് കുതറി മാറാന്‍ ശ്രമിച്ചു. അക്ഷരങ്ങള്‍ നാലുപാടും നിലവിളിച്ചു കൊണ്ടോടി. ഒരു ദയാദാക്ഷിണ്യവും കാണിക്കാതെ ആ പേന രാക്ഷസനൃത്തമാടി.
കലിയടങ്ങി. ആ പേന കിതച്ചു. ചാരിത്ര്യം നഷ്‌ടപ്പെട്ട ആ കടലാസ്, കൈകള്‍ മുഖത്ത് ചേര്‍ത്ത് തേങ്ങിക്കരഞ്ഞു. വസ്‌ത്രങ്ങള്‍ ധരിച്ച് താന്‍ കോറിയിട്ട ചിത്രങ്ങള്‍ നോക്കി എന്റെ പേന ചിരിച്ചു.
രണ്ട് മണിക്കൂര്‍ തികയാറായി. ഞാന്‍ അവിടെയിരുന്ന് കരയുന്ന കടലാസിന്റെ ശിരസ്സില്‍ തലോടി. അത് തലയുയര്‍ത്തി, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കി. എന്റെ പേന പിച്ചിച്ചീന്തിയ ആ കടലാസിന്റെ മൃദുലമേനിയിലൂടെ ഞാന്‍ കണ്ണുകളോടിച്ചു.
------------------
രാത്രി പന്ത്രണ്ട് മണിയടിച്ചു. ആ കുടിലില്‍ കിങ്ങിണി അമ്മൂമ്മ തനിച്ചാണ്. പെട്ടെന്ന് ഒരു പട്ടി കുരച്ചു. കിങ്ങിണി അമ്മൂമ്മ വാതിലടച്ച് കിടന്നു.
പെട്ടെന്ന്, ഒരു കള്ളന്‍ വന്ന് വാതിലില്‍ മുട്ടി.
അമ്മൂമ്മ ചോദിച്ചു.'ആരാണ് വാതിലില്‍ മുട്ടുന്നത്.. ഈ അസമയത്ത്'
കള്ളന്‍ മിണ്ടിയില്ല. അവന്‍ തന്ത്രശാലിയായിരുന്നു.
അമ്മൂമ്മ വീണ്ടു ചോദിച്ചു.'ആരാണ് വാതിലില്‍ മുട്ടുന്നത്.. ഈ അസമയത്ത്'
കള്ളന്‍ ശബ്‌ദം മാറ്റി പറഞ്ഞു. 'എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം'
അമ്മൂമ്മ വാതില്‍ തുറന്നു. കള്ളന്‍ അമ്മൂമ്മയുടെ മേല്‍ കടന്നാക്രമിച്ചു. കത്തിയെടുത്ത് അമ്മൂമ്മയെ കുത്തിക്കൊന്നു.
അപ്പോഴും അമ്മൂമ്മ ചോദിച്ചു കൊണ്ടിരുന്നു.'ആരണ് വാതിലില്‍ മുട്ടുന്നത്.. ഈ അസമയത്ത്'
------------------
'കൊള്ളാം.. നല്ല കഥ' ഞാന്‍ സ്വയം സമാധാനിച്ചു. ഞാന്‍ കടലാസെടുത്ത് മോഡറേറ്ററുടെ കൈയില്‍ കൊടുത്തു. എന്റെ നീളമേറിയ കാലുകള്‍ എന്നെയും വഹിച്ച് കൊണ്ട് അതിവേഗം ചലിച്ചു. കണ്ണൂര്‍ ബസ്‌സ്റ്റാന്റ് ലക്ഷ്യമാക്കി.
കലോല്‍സവത്തില്‍ സമ്മാനാര്‍ഹരായവരെ പ്രോത്സാഹിപ്പിക്കുന്നതിനായി, പിറ്റേന്ന് കോളേജില്‍ യോഗം ചേര്‍ന്നു. ആശംസാപ്രസംഗത്തിനിടയില്‍ ശശി മാഷ് പറയുന്നത് ഞാന്‍ അങ്ങേയറ്റം ക്ഷമയോടെ കേട്ടിരുന്നു. 'കോളേജിന്റെ പേര് പ്രശസ്‌തമാകാന്‍ ചില കഥാകാരന്മാരുടെ കഥകളും കാരണമയിട്ടുണ്ട്'
അതിലെ 'കഥാകാരന്‍' എന്ന വാക്കിന് അദ്ദേഹം കട്ടി കൂട്ടിയതെന്തിനാണെന്ന് സദസ്സിലെ ആര്‍ക്കും മനസ്സിലായില്ല.
കൊള്ളാം ഡ്രിസിലേ നന്നായിരിക്കുന്നു.
ReplyDeleteഅല്ല ഡ്രിസിലെ ഇതില്‍ എവിടെയാ പേന ചതിച്ചത്.. ആ പാവം പേന എന്തു പിഴച്ചു... പണ്ടിതുപോലെ ഒരു കൊള്ളിമുട്ടായിയേയും
ReplyDeleteപഴി പറഞ്ഞു ഡ്രിസില്‍...
സൂപ്പര്‍ കഥയായിട്ടുണ്ട്, ഡ്രിസിലേ..
ReplyDeleteഒരു പേന, പേപ്പറിനെ പീഢിപ്പിച്ച കഥ എന്റെ ജീവിതത്തില്‍ ആദ്യായിട്ടാ വായിക്കണേ! അത് കലക്കി.
പിന്നെ, ഒന്നാം ക്ലാസിലെ പിള്ളാരുടെ ഓട്ടമത്സരത്തില്‍ അവര്‍ പകച്ചുനില്‍കാറുണ്ടോ? റെഡി വണ്‍ ടൂ ത്രീ സ്റ്റാര്‍ട്ട് ന്ന് പറയണേലും മുന്‍പ് എല്ലാം കൂടി ചറപറാ ഓടുന്നതും, വീണ്ടും വീണ്ടും ‘ആദ്യേ പൂത്യേ..’ ഓടിക്കുന്നതുമാണ് കണ്ടിട്ടുള്ളത്!
ഒരു കാര്യം കൂടെ, പണ്ട് ഞാനൊരു കഥാമത്സരത്തിന് പങ്കെടുത്തു. ‘നിങ്ങളുടെ കണ്മുന്നില്‍ ഒരാള്‍ വിഷം കഴിച്ച് മരിക്കുന്നു’ എന്നതായിരുന്നു സബ്ജക്ട്. എടത് വശത്തിരിക്കണ സുമതി, മുടിഞ്ഞ്, ജപതി ചെയ്യാറായ തറവാടും, മണ്ഠരി വന്ന തെങ്ങും പറമ്പും, 75% രോഗിയായ അച്ഛനും 60% രോഗിണിയായ അമ്മയും, ഭ്രാന്തുവന്ന ചേട്ടനും ഒളിച്ചോടിപ്പോയിട്ട് ബൂമറാങ് പോലെ തിരിച്ചുവന്ന ചേച്ചിയും, വികലാംഗയായ അനിയനുമടങ്ങിയ ഫുള്‍സെറ്റപ്പുള്ള ഒരു പാവം സുന്ദരി, കല്യാണം നടക്കുകയുമില്ല, ഇനിയിപ്പോ ഒളിച്ചോടാമെന്ന് വച്ചാല്‍ അവള്‍ടെ സങ്കല്പത്തിലുള്ള ഒരു പേട്ടയും നാട്ടിലുമില്ല എന്ന വിഷമത്തില്‍ ആത്മഹത്യ ചെയ്തുവെന്നെഴുതി.
ഞാന്‍ അലോചിച്ചാലോച്ച് ഒരു കഥ എഴുതി വന്നപ്പോള്‍, എന്റെ നായകന്‍ രാത്രി ജയില്‍ ചാടി വീട്ടില്‍ എത്തിയതായിരുന്നു ‘അമ്മേ അമ്മയുടെ ഐ മകന്‍ നിരപരാധിയണമ്മേ...നിരപരാധി ‘എന്ന് പറഞ്ഞ് തലവെട്ടിച്ച് മരിക്കുന്നതാണ് ലാസ്റ്റ് സീന്‍. പക്ഷെ, വിഷക്കുപ്പി ആ നേരത്ത് എവിടന്ന് കിട്ടും?
അവസാനം ഇങ്ങിനെ എഴുതി,
അമ്മ വാത്സല്യത്തോടെ, തന്റെ മോന്റെ ഫേവറൈറ്റായ പൊരുത്തലട കഴിക്കാന്‍ കൊടുത്തപ്പോള്‍ (രാത്രി 1:30 ന്), നാളികേരത്തിന്റെയും ശര്‍ക്കരയുടെയും ഇടയില്‍ അമ്മ കാണാതെ തന്റെ കയ്യിലുണ്ടായിരുന്ന (ജെയിലീന്ന് കിട്ടിയതാവണം) ഫുര്‍ഡാന്‍ മിക്സ് ചെയ്ത് കടിച്ചുമുറിച്ച് തിന്നു’ ന്ന്.
കഥയുടെ ഞാനിട്ട പേര്‍ വേറെ എന്തോ ആയിരുന്നു, ജഡ്ജസ് പേര്‍ മാറ്റി ‘പൊരുത്തലട’ എന്നാക്കി മാറ്റി, എന്നെ ‘പൊരുത്തലടേ‘ എന്ന് വിളിക്കനും തുടങ്ങി.
എന്റെ ആരിഫേ.. പണ്ട് ഇന്ദിരാ ഗാന്ധിയോ മറ്റോ പറഞ്ഞിട്ടുണ്ട്... 'പേരിലെന്തിരിക്കുന്നു..'
ReplyDeleteകിടിലന്‍ കമന്റ് വിശാലമനസ്കരേ... പിന്നെ, ഓട്ടമത്സരത്തെ കുറിച്ച് പറഞ്ഞപ്പോള്‍.. പണ്ട് ഞാന്‍ പങ്കെടുത്ത ഓട്ടമത്സരമാണ് റഫര്‍ ചെയ്തത്. വിസില്‍ വലിച്ചതും 'ചിം' എന്ന് ശബ്‌ദം കേട്ടതും മാത്രം ഓര്‍മയുണ്ട്. എല്ലാവരും ഓടി. ഞാന്‍ മാത്രം പകച്ചു നിന്നു. പിന്നെ കരഞ്ഞു കൊണ്ട് ടീച്ചറുടെ അടുത്തേക്കോടി. നന്ദി പെരിങ്ങോടരേ ഇവിടെ വന്നതിന്.
ഡ്രിസിലേ, സൂപ്പറായിട്ടുണ്ട്!
ReplyDeleteകലക്കി ഡ്രിസ്സിലേ :-))
ReplyDeleteപ്രത്യേകിച്ചും അന്നെഴുതിയ കഥ :-)!
Awesome !!!
ReplyDeleteഈ വാക്കിന് മലയാളം കിട്ടത്തത് കൊണ്ടാണ് ഇതു തന്നെ പറഞ്ഞത്. കലക്കിയിട്ടുണ്ട് മാഷേ. വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരുന്നില്ല.
ഇത്ര പ്രദീക്ഷിച്ചില്ല...വളരെ നന്നായി..
ReplyDelete